മൂലമറ്റം: അറക്കുളം പഞ്ചായത്ത് മെമ്പറും ആസ്‌കോ ബാങ്ക് ചെയർമാനുമായ ടോമി വാളികുളത്തെ (54) വീടിനടുത്തുള്ള ഗോഡൗണിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മർച്ചന്റ് അസോസിയേഷൻ അറക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും മൂലമറ്റത്തെ പ്രമുഖ റബ്ബർ വ്യാപാരിയും റബർ ഡീലേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റുമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് വിവരം.
ഇന്നലെ രാവിലെ പുരയിടത്തിലെ റംബൂട്ടാൻ നനച്ച ശേഷം തിരികെ വന്ന് കട തുറന്ന് അടിച്ച് വാരിയ ശേഷം ടോമി വീട്ടിലേക്ക് പോയി. തുടർന്ന് വീടിനടുത്തുള്ള ഗോഡൗണിന് മുമ്പിൽ കാർ നിർത്തി വാഹനത്തിന് മുകളിൽ ഫോൺ വച്ച ശേഷം ഗോഡൗണിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു. സാധാരണ വരുന്ന സമയത്ത് ടോമിയെ കാണാത്തതിനാൽ ഭാര്യ റാണി സഹോദരൻ റെജിയെ ഫോണിൽ വിളിച്ചു പറഞ്ഞു. റെജി സുഹൃത്തുക്കളെയും കൂട്ടി വന്നപ്പോൾ ഗോഡൗണിന്റെ മുമ്പിൽ വാഹനവും ഫോണും ഇരിക്കുന്നു. അകത്ത് കയറി നോക്കിയപ്പോൾ ടോമി തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. കാഞ്ഞാർ സർക്കിൾ ഇൻസ്പക്ടർ വി.ആർ. സുനിലും സംഘവും സ്ഥലത്ത് വന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. ഭാര്യ: റാണി കട്ടപ്പന ചെമ്പകമംഗലം കുടുംബാംഗം. മക്കൾ: പ്രിയങ്ക, റിയങ്ക, റിച്ചാർഡ്.