നെടുങ്കണ്ടം: ജില്ലയിലെ ഏലം മേഖലയിൽ 60 ശതമാനവും വരൾച്ചയിൽ കരിഞ്ഞുണങ്ങിയതായി കാർഷിക മേഖല സന്ദർശിക്കാനെത്തിയ കൃഷിവകുപ്പ് ഉന്നതതല സംഘത്തിന്റെ വിലയിരുത്തൽ. ഏലം, കുരുമുളക്, വാഴ, തുടങ്ങിയ കാർഷിക വിളകൾ പൂർണ്ണമായും ഹൈറേഞ്ചിൽ കരിഞ്ഞു നശിച്ചു. കൂടാതെ പച്ചക്കറി കൃഷി മേഖലയും ഉണങ്ങി നശിച്ചതായാണ് കണ്ടെത്തൽ. കൃഷിവകുപ്പ് മന്ത്രിയുടെ നിർദേശാനുസരണമാണ് ജില്ലയിലെ കൃഷി വകുപ്പ് ഉന്നതതല ഉദ്യോഗസ്ഥരും പാമ്പാടുംപാറ ഏല ഗവേഷണ കേന്ദ്രം പ്രൊഫസറുമടങ്ങിയ സംഘം ഉടുമ്പൻചോല, നെടുംങ്കണ്ടം, ബൈസൻ വാലി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരുടെ വിളകൾ നശിച്ച സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ചത്. ജലസേചനം നടത്തിയ തോട്ടങ്ങളും കരിഞ്ഞു നശിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. നെടുംങ്കണ്ടം പഞ്ചായത്തിലെ ചെറുകിട ഏലം കർഷകർ ഉദ്യോഗസ്ഥരോട് തങ്ങളുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി. പുതിയതായി വിളയുണ്ടാക്കാനും ഏലം നടുന്നതിനും സാമ്പത്തികസഹായം നൽകണമെന്നും ആവശ്യപ്പെട്ടു. വരൾച്ചാ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വരും ദിവസങ്ങളിലും വിവിധ ഉദ്യോഗസ്ഥ സംഘങ്ങൾ കൂടുതൽ കാർഷിക മേഖല സന്ദർശിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ സെലീനാമ്മ അറിയിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അമ്പിളി, ഡെപ്യൂട്ടി ഡയറക്ടർ രശ്മി വിജയൻ, ഏലം ഗവേഷണ കേന്ദ്രം പ്രൊഫസർ ഡോക്ടർ രമ്യ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവരും സന്ദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.