തൊടുപുഴ: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുടെ തമ്മിലടിയും ഗുണ്ടായിസവും പതിവായതോടെ പൊതുജനം പൊറുതിമുട്ടുന്നു. കഴിഞ്ഞ 23ന് സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ബസ് ഡ്രൈവർ കൊല്ലപ്പെട്ടു. ഇടവെട്ടി ആനകെട്ടിപ്പറമ്പിൽ സക്കീറാണ് (52) മരിച്ചത്. സംഭവത്തിൽ പ്രതികളായ ബസ് ഉടമയും മക്കളും ജീവനക്കാരും ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ 23ന് ഉച്ചയ്ക്കായിരുന്നു സംഭവം. പുറപ്പെടുന്ന സമയത്തെച്ചൊല്ലിയാണ് ഈരാറ്റുപേട്ട റൂട്ടലോടുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പിൽ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാരുടെ മുന്നിലായിരുന്നു സംഘർഷം. സംഘർഷത്തിനിടെ അമ്മാസ് ബസ് ഉടമയുടെ നേതൃത്വത്തിൽ സംഘം ചേർന്നുള്ള മർദനത്തിനിരയായ സക്കീർ സ്റ്റാൻഡിൽ ബോധരഹിതനായി വീഴുകയായിരുന്നു. തലയിൽ സാരമായി പരുക്കേറ്റ സക്കീറിനെ ആദ്യം തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയലേക്ക് മാറ്റി. തുടർന്ന് ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നിന് ഉച്ചകഴിഞ്ഞ് മരിച്ചു. സംഭവത്തിൽ പ്രതികളായ അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി ഒ.കെ.സലിം, ഇയാളുടെ മക്കളായ മുഹ്സീൻ, മൻസൂർ, സലിമിന്റെ സഹോദരൻ സക്കീർ, ബസിലെ കണ്ടക്ടർ കോലാനി സ്വദേശി മനു, ഡ്രൈവർ മുതലക്കോടം സ്വദേശി അമൽ എന്നിവർ റിമാൻഡിൽ കഴിയുകയാണ്.
പതിവായി ഇവിടെ ബസ് ജീവനക്കാർ തമ്മിലടിയ്ക്കുന്നതും അസഭ്യ വർഷം നടത്തുന്നതും പതിവാണ്. ചില ബസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ പലർക്കും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്നും നാട്ടുകാരും വ്യാപാരികളും പറയുന്നു. കഴിഞ്ഞ ദിവസം കോലാനിയിൽ മനഃപൂർവം കെ.എസ്.ആർ.ടി.സി ബസിൽ സ്വകാര്യ ബസിടിപ്പിച്ച സംഭവമുണ്ടായിരുന്നു.
പിന്നിൽ മത്സരയോട്ടം
മത്സരയോട്ടത്തെ ചൊല്ലിയാണ് ബസ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റങ്ങളും സംഘർഷങ്ങളും നിത്യസംഭവമാകുന്നത്. രണ്ട് മിനിറ്റ് മുതൽ വ്യത്യാസത്തിൽ ഒരേ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകൾ ഉണ്ട്. താമസിച്ച് സ്റ്റാൻഡിൽ നിന്ന് ഇറങ്ങുന്നതും ടൗണിൽ നിരങ്ങി നീങ്ങുന്നതും സ്റ്റോപ്പില്ലാത്തിടത്ത് നിറുത്തി ആളെ എടുക്കുന്നതും ഉൾപ്പെടെ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. കോടതിവിധികളും ചട്ടങ്ങളും മറികടന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും ചില ബസ് മുതലാളിമാരെ സഹായിക്കാൻ നിലപാടെടുക്കുന്നതാണ് പൊതുജനങ്ങൾക്ക് ഭീഷണിയായ മത്സരയോട്ടത്തിന് അടിസ്ഥാന കാരണം. സമയക്രമം പാലിച്ച് ഓടുന്ന ബസുകളിലെ ജീവനക്കാരെയും ഉടമകളെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ട്. ബസുകളുടെ സമയക്രമീകരണത്തിനായി നേരത്തെ പ്രധാന സ്ഥലങ്ങളിൽ പഞ്ചിങ് സംവിധാനം ഉണ്ടായിരുന്നു. എന്നാലിത് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ബസുകളിലെ സ്പീഡ് ഗവർണറുകളുടെ കാര്യക്ഷമതയും പരിശോധിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.
സംഘർഷം അനുവദിക്കരുത്:
എ.ഐ.ടി.യു.സി
സ്വകാര്യ ബസ് സ്റ്റാൻഡിൽ പതിവായ തർക്കങ്ങളും സംഘർഷങ്ങളും ഇനി ഉണ്ടാകാതിരിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി തൊടുപുഴ മണ്ഡലം സെക്രട്ടറി പി.പി. ജോയി ആവശ്യപ്പെട്ടു. സ്ഥിരം പ്രശ്നക്കാരായ ജീവനക്കാരെ നിയന്ത്രിക്കാൻ ഉടമകൾ തന്നെ രംഗത്ത് വരണം. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ഭയരഹിതമായി വന്നു പോകുന്നതിനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ജോയി ആവശ്യപ്പെട്ടു.