mavu

തൊടുപുഴ: രാജഭരണകാലം മുതൽ തൊടുപുഴ ടൗണിന്റെ ഹൃദയഭാഗമായ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വളർന്നു തണലേകി നിൽക്കുന്ന തേൻമാവിന് ആദരം. പലപ്രാവശ്യം മുറിച്ചു മാറ്റപ്പെടാനായി അധികൃതർ തീരുമാനിച്ചെങ്കിലും അതിനെ ചെറുത്ത് പ്രകൃതി സ്‌നേഹികൾ സംരക്ഷിച്ചു പോന്ന തേൻമാവിനു സഹ്യാദ്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുത്തശ്ശി പദവി നൽകി. തേൻമാവിൻ ചുവട്ടിൽ ഒന്നിച്ചു കൂടിയ പ്രകൃതി സ്‌നേഹികൾ, പൊതു പ്രവർത്തകർ, വ്യാപാരികൾ, കലാകാരൻമാർ എന്നിവരെ സാക്ഷി നിർത്തി തൊടുപുഴ തഹസിൽദാർ എ.എസ്. ബിജിമോൾ മുത്തശ്ശി പദവി പ്രഖ്യാപിച്ചു. സഹ്യാദ്രി സംരക്ഷണ സമിതി ചെയർമാൻ ഒ.എസ്. സമദ് അദ്ധ്യക്ഷതവഹിച്ചു. കാലാവസ്ഥാ വ്യതിയാനം, കൊടുംചൂടി, വരൾച്ച, പ്രകൃതിദുരന്തങ്ങൾ, വായുമലിനീകരണം ഇവയ്ക്കുള്ള ഏകപരിഹാരം മരങ്ങൾ സംരക്ഷിക്കുക എന്നുള്ളതാണെന്ന് തഹസിൽദാർ എ.എസ്. ബിജിമോൾ അഭിപ്രായപ്പെട്ടു. വൃക്ഷ സംരക്ഷണത്തിനായി തങ്ങളാലാകും വിധം ഇടപെടാൻ പൊതുസമൂഹം തയ്യാറാകണമെന്നും അവർ അഭിപ്രായപ്പെട്ടു. സഹ്യാദ്രി സംരക്ഷണസമിതി വൈസ് ചെയർമാൻ കെ.എസ്. സുബൈർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രൊഫ. കെ.ഐ. ആന്റണി, അഡ്വ. ഇ.എ. റഹിം, എൻ.ഐ. ബെന്നി, അജീവ് പുരുഷോത്തമൻ, നിഷ സോമൻ, കവയിത്രി സജിത ഭാസ്‌കർ, കെ.എം. സുലൈമാൻ, രാജൻ മക്കുപാറ, വി.പി. മൊയ്ദീൻ, വി.എ. അബ്ബാസ്, ഷിബു പുത്തൂരാൻ, പാപ്പച്ചൻ ആനച്ചാലിൽ, ദിലീപ് പുത്തരിയിൽ, രാജൻ കാട്ടാംപിള്ളിൽ, പി.വി. അച്ചാമ്മ , സി.ഐ. ഹംസ എന്നിവർ പങ്കെടുത്തു.