കട്ടപ്പന :വേനൽ ചൂട്കാർഷിക വിളകൾക്ക് പുറമെ മത്സ്യകൃഷിയിലും നാശംവിതയ്ക്കുന്നു .കട്ടപ്പന വള്ളക്കടവിൽ കപ്പലുമാക്കൽ കെ ജെ വിൽസൺ എന്ന കർഷകന്റെ മത്സ്യക്കുഞ്ഞുങ്ങൾ കുളത്തിൽ ചത്തുപൊങ്ങി. മൂന്നുമാസം കഴിഞ്ഞാൽ വിളവെടുക്കാൻ ഇരിക്കെയാണ് മത്സ്യം ചത്തുപൊങ്ങിയത്. ഇക്കൊല്ലത്തെ കടുത്ത വേനലിൽ ഹൈറേഞ്ചിന്റെ കാർഷിക വിളകളിൽ വൻനാശനഷ്ടമാണ് ഉണ്ടായത്. അതിനോടൊപ്പമാണ് ഇപ്പോൾ മത്സ്യകൃഷിയിലും വ്യാപകമായ നാശം സംഭവിക്കുന്നത്. അന്തരീക്ഷ താപനില ഉയരുന്നതോടെ മീൻ കുളങ്ങളിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയാണ്. മൂന്നുമാസം മുമ്പ് ഫിഷറീസ് വകുപ്പ് നൽകിയ 12000 ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നഴ്‌സറി പോണ്ടിൽ വിൽസൺ നിക്ഷേപിച്ചത്. മൂന്നു മാസങ്ങൾക്ക് ശേഷം വിളവെടുക്കാൻ ഇരിക്കെയാണ് കടുത്ത വേനൽ ചൂട് തിരിച്ചടി സമ്മാനിച്ചത്.
7000 ത്തോളം മത്സ്യങ്ങൾ ചത്തുപൊങ്ങി, ഇതോടെ വലിയ നഷ്ടമാണ് കർഷകന് ഉണ്ടായത്.
മൽസ്യ കൃഷി കുളങ്ങൾക്ക് പുറമെ പെരിയാറിലെ മത്സ്യങ്ങളും കഴിഞ്ഞദിവസം ചത്തു പൊങ്ങിയിരുന്നു. വാണിജ്യവിളകൾക്ക് പുറമെ മത്സ്യകൃഷിയിലും ഉണ്ടാകുന്ന നാശം ഹൈറേഞ്ചിന്റെ കാർഷിക സമ്പത്തിന് വലിയ വിള്ളലാണ് വരുത്തുന്നത് .