കട്ടപ്പന :നാട്ടുകാരുടെ സമരത്തെ തുടർന്ന് ആരംഭിച്ച ഇരുപതേക്കർ തൊവരയാർ റോഡിന്റെ നിർമാണം പൂർത്തിയായി. വർഷങ്ങളായി ദുരിതത്തിൽ കിടന്ന പാതയിൽ ടാറിങിനും കോൺക്രീറ്റിനുമായി 10 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്.പാതയിലുടനീളം ഗർത്തങ്ങൾ രൂപപ്പെട്ടതും, ടാറിങ് ഇളകിപ്പോയതും യാത്ര ദുരിതത്തിന് കാരണമായിരുന്നു. റോഡിൽ വലിയതോതിൽ ഉയർന്നു പൊങ്ങിയ പൊടിയും പ്രദേശവാസികളെ പ്രതിഷേധത്തിൽ എത്തിച്ചു. എളുപ്പ മാർഗ്ഗത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്താനുള്ള പാത കൂടിയായിരുന്നു ഇത്. റോഡിന്റെ ശോച്യാവസ്ഥക്കെതിരെ നിരന്തര പരാതി ഉയർന്നതോടെ മന്ത്രി റോഷി അഗസ്റ്റിനും, നഗര സഭയും ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ വാഗ്ദാനങ്ങൾ ഉണ്ടായതല്ലാതെ പാതയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം ഉണ്ടായില്ല.ഇതോടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ട് ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പോടെ പ്രദേശവാസികൾ രംഗത്തെത്തിയത്. തുടർന്നാണ് പാതയുടെ നവീകരണം ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.