തൊടുപുഴ: കെ.എസ്.ഇ.ബി സെക്ഷൻ നമ്പർ- 2ൽ അടിയന്തരമായി സബ് സ്റ്റേഷൻ അനുവദിക്കണമെന്ന് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്. തൊടുപുഴ നഗരസഭയുടെ 35 വാർഡുകളിൽ മുക്കാൽ ശതമാനവും സെക്ഷൻ- 2 ന്റെ കീഴിലാണ്. കൂടാതെ കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തുകളുടെ പകുതിയോളവും ഈ സെക്ഷന്റെ കീഴിലാണ് വരുന്നത്. ആയിരക്കണക്കിന് ഗാർഹിക ഉപഭോക്താക്കളാണ് ഈ സെക്ഷനിൽ മാത്രമുള്ളത്. കൂടാതെ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറുകിട കമ്പനികൾ വേറെയും. വേനൽ കടുത്തതോടെ അമിത വൈദ്യുതി ഉപയോഗം മൂലം പലയിടത്തും പകൽ നേരങ്ങളിലടക്കം വൈദ്യുതി മുടക്കം പതിവായിട്ടുണ്ട്. രാത്രി കാലങ്ങളിൽ ലോഡ് ഉയരുന്നത് മൂലവും വൈദ്യുതി മുടങ്ങുന്നുണ്ട്. ചെറിയ കുട്ടികളുള്ള വീട്ടിലടക്കം വൈദ്യുതി മുടങ്ങുന്നത് രാത്രി കാലങ്ങളിൽ കാര്യമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രദേശവാസികൾ രാത്രിയിൽ കെ.എസ്.ഇ.ബി ഓഫീസിൽ പോയി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി ബോർഡ് അടിയന്തരമായി സബ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്. വേനൽക്കാലം കഴിഞ്ഞ് മഴക്കാലം എത്തിയാലും സ്ഥിതി വ്യത്യസ്തമല്ല. ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാൻ സനീഷ് ജോർജ് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടികൾ ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ആരോപണമുണ്ട്. നഗരസഭയുടെ കീഴിലുള്ള വാർഡുകളിലും സമീപ പഞ്ചായത്തുകൾക്കും ഉപകാരപ്രദമാകുന്ന സെക്ഷൻ- 2ൽ സബ് സ്റ്റേഷൻ എത്രയും വേഗം സ്ഥാപിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നും സനീഷ് ജോർജ് ആവശ്യപ്പെട്ടു.