കട്ടപ്പന: സർക്കാർ ട്രൈബൽ സ്‌കൂളിന് സമീപം നിൽക്കുന്ന വൻ വാക മരങ്ങൾ അപകട ഭീഷണി സൃഷ്ടിക്കുന്നു. ഇന്നലെ രാവിലെ മരത്തിൽ നിന്നും വൻ ശിഖരം ഒടിഞ്ഞുവീണതോടെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.ദേശീയപാത അതോറിറ്റിയെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലന്നാണ് പരാതി.
അടിമാലി -കുമിളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന വെള്ളിയാംകുടി റോഡിൽ ഇടുക്കി കവല സർക്കാർ ട്രൈബൽ സ്‌കൂളിന് സമീപത്താണ് പത്തോളം വാകമരങ്ങൾ നിൽക്കുന്നത്. തണൽമരങ്ങളായ ഇവയ്ക്ക് കാറ്റിനെ അതിജീവിക്കാൻ പരിമിതികളുള്ളത് മരങ്ങളുടെ ചില്ലകൾ ഒടിഞ്ഞുവീഴുന്നത് പതിവാകാൻ കാരണമായിട്ടുണ്ട്. ഇതുവഴിയെത്തുന്ന വാഹന യാത്രകരും കാൽനടയാത്രക്കാരും വലിയ അപകട ഭീഷണിയെയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണിരുന്നു.ഈ സമയം ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
പരാതി നൽകാൻ
തീരുമാനം
ആറുമാസം മുമ്പും സമാന രീതിയിൽ മരത്തിൽ നിന്ന് വൻ ശിഖരം ഒടിഞ്ഞു വീണിരുന്നു. അന്നും വാഹന യാത്രക്കാർ തലനാരിയിഴക്കാണ് രക്ഷപ്പെട്ടത്. അപകടം പതിയിരിക്കുമ്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ലന്നാണ് വ്യാപാരികളുടെയും പ്രദേശവാസികളുടെയും പരാതി. വിഷയത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്
'നാട്ടുകാർ ദേശീയപാത അതോറിറ്റിയെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല.പറഞ്ഞു.മഴക്കാലമാകുന്നതോടെ അപകട ഭീഷണിയുടെ തോത് വർദ്ധിക്കും.അടിയന്തരമായി മരത്തിന്റെ ചില്ലകൾ വെട്ടി മാറ്റണം .'
ഷാജി കൂത്തോടി
കട്ടപ്പനനഗരസഭ അംഗം