accident
തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടം

ചെറുതോണി: തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ ഇടുക്കിയ്ക്കും ഡാം ടോപ്പിനുമിടയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറോളം അപകടങ്ങളാണ് ഈ ഭാഗത്ത് റിപ്പോർട്ട് ചെയ്തത്. ധാരാളം വളവുകളും തിരിവുകളുമുള്ള പാതയുടെ ഒരു ഭാഗം അഗാധമായ ഗർത്തമാണ്. കട്ടപ്പന ഭാഗത്ത് നിന്ന് ഇടുക്കിയിലേക്ക് വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ഓയിലുമായി കോതമംഗലത്തേക്ക് പോയ പിക്കപ്പ് വാൻ മറിഞ്ഞ് ഇവിടെ അപകടമുണ്ടായത്. പലപ്പോഴും തലനാരിഴയ്ക്കാണ് ഏറെ ഗതാഗതമുള്ള ഈ റോട്ടിൽ വൻ ദുരന്തങ്ങൾ ഒഴിവായി പോകുന്നത്. റോഡ് റബറൈസ്ഡ് ചെയ്തതോടെ നിയന്ത്രണാതീതമായ വേഗത്തിലാണ് പല വാഹനങ്ങളും സഞ്ചരിക്കുന്നത്. മുമ്പ് ഇത് വഴി യാത്ര ചെയ്തിട്ടില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. അതിവേഗത്തിൽ ഓടിയെത്തുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി വളവുകൾ കാണുന്നതോടെ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. മഴക്കാലമാകുന്നതോടെ റോഡ് നനയുന്നതോടെ അപകട സാദ്ധ്യത വർദ്ധിക്കും. ഹെയർപിൻ ബെൻഡുകൾ ഉണ്ടെന്നും അപകട സാദ്ധ്യതാമേഖലയെന്നും ചൂണ്ടിക്കാട്ടി ഈ പ്രദേശത്ത് അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.