തൊടുപുഴ: കൊടുംവേനലിൽ ഉപഭോഗം കൂടുമ്പോൾ, മഴ പെയ്താൽ കാറ്റും ഇടിമിന്നലും കാരണം... എന്തായാലും തുടർച്ചയായി ജില്ലയിൽ വൈദ്യുതി മുടങ്ങുന്നതിന് മാത്രം യാതൊരു മുടക്കവുമില്ല. രാപ്പകൽ ഭേദമന്യേ വൈദ്യുതി മുടങ്ങുന്നതു മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ഇപ്പോൾ വേനൽ മഴ ആരംഭിച്ചതോടെ വൈദ്യുതി മുടക്കം പതിവിലും കൂടി. ചൂടിൽ രാത്രി കാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതു മൂലം വീടുകളിൽ കിടന്നുറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പല മേഖലകളിലും രാത്രി പോകുന്ന വൈദ്യുതി പിറ്റേന്നാണ് തിരികെയെത്തുന്നത്. തൊടുപുഴ നമ്പർ 2 സെക്ഷന് കീഴിലുള്ള പലയിടങ്ങളിലും മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്. നഗരത്തിലും സമാന സ്ഥിതി തന്നെയാണുണ്ടായത്. അർദ്ധരാത്രിയിലെ വൈദ്യുതി മുടക്കം പലപ്പോഴും മണിക്കൂറുകളോളം നീണ്ടു നിൽക്കും. ചൂടു മൂലം ഉണർന്നിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതിനാൽ വൈദ്യുതി മുടങ്ങിയാൽ ചൂട് സഹിച്ചു കഴിയുകയേ നിവൃത്തിയുള്ളൂ. വൈദ്യുതി മുടക്കത്തിന് പുറമെ വോൾട്ടേജ് വ്യതിയാനവും ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. രാത്രിയിൽ പതിവായി വോൾട്ടേജ് കൂടുകയും കുറയുകയും ചെയ്യുന്നതിനാൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ജനങ്ങൾ പറയുന്നു. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളുടെ കീഴിൽ ടച്ച് വെട്ട് അടക്കമുള്ള വാർഷിക അറ്റകുറ്റപ്പണികളെല്ലാം നേരത്തെ പൂർത്തിയായതാണ്. എന്നാലും ചെറിയ കാറ്റും മഴയും വന്നാൽ അപ്പോൾ തന്നെ വൈദ്യുതി പോകുന്ന സ്ഥിതിയാണ്. ദിനംപ്രതിയുള്ള വൈദ്യുതി മുടക്കം മാറ്റമില്ലാതെ തുടരുന്നതിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്.
ചെറുകിട സ്ഥാപനങ്ങളിൽ
വൻ പ്രതിസന്ധി
വലിയ സ്ഥാപനങ്ങളിൽ ജനറേറ്ററും മറ്റു സംവിധാനങ്ങളും ഉണ്ടെങ്കിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഇത്തരം സംവിധാനങ്ങളില്ല. വൈദ്യുതി മുടക്കം ചെറുകിട വ്യവസായ യൂണിറ്റുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വൈദ്യുതിയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സ്ഥാപനങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, സ്റ്റുഡിയോ, കോൾഡ് സ്റ്റോറേജുകൾ, ഐസ്‌ക്രീം, ജൂസ് പാർലറുകൾ, ഹോട്ടലുകൾ, പ്രിന്റിംഗ് പ്രസ്, ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ വൈദ്യുതി മുടക്കം മൂലം പ്രതിസന്ധിയിലാണ്. വീടുകളിൽ വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പ്രവർത്തിപ്പിക്കാനാകാത്തതും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.
പൊറുതിമുട്ടി
പ്രതിഷേധത്തിലേക്ക്
കടുത്ത വേനൽക്കാലത്ത് വൈദ്യുതി മുടക്കം മൂലം ജനങ്ങൾ ദുരിതത്തിലായിട്ടും കെ.എസ്.ഇ.ബി അധികൃതർക്ക് ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയമാണെന്നാണ് ആക്ഷേപം. അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിളിച്ചു ചോദിച്ചാലും കൃത്യമായ മറുപടിയില്ല. പലപ്പോഴും തൊടുപുഴ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നും നാട്ടുകാർ പരാതി പറയുന്നു. വൈദ്യുതി മുടക്കത്തിൽ പൊറുതിമുട്ടി കഴിഞ്ഞ ദിവസം ഏഴല്ലൂർ, വെങ്ങല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങൾ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചത് സംഘാർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.