തൊടുപുഴ: വഴിത്തലയ്ക്ക് സമീപം അ‌ജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ. വഴിത്തല- കോലടി റോഡിൽ ജനവാസമേഖലയിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും വിസർജവും നാട്ടുകാർ കണ്ടത്. ഇത് പുലിയുടേതല്ലെന്ന് ഉറപ്പിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. മലങ്കര എസ്റ്റേറ്റ് ഭാഗത്ത് റബർ വെട്ടാൻ പോയവരാണ് പുലിയെ കണ്ടതായി അറിയിച്ചത്. എന്നാൽ ഇവിടെയും പുലിയാണെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളൊന്നുമില്ലെന്നും അവർ പറഞ്ഞു. ഇരു സ്ഥലങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. മഞ്ഞമാവിലും പഴയമറ്റത്തും സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിൽ ഇതുവരെ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. നിലവിൽ ഇല്ലിചാരി മലയിൽ നിന്ന് മാറ്റി പൊട്ടൻപ്ലാവിലാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്.