തൊടുപുഴ: ലക്ഷ്യബോധവും കഠിനാധ്വാനവും കൂട്ടായ പ്രവർത്തനവും ഉണ്ടെങ്കിൽ വിജയം സ്വന്തമാക്കാനാവുമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. നാക് എപ്ലസ് പ്ലസ് ഗ്രേഡ് നേടിയ ന്യൂമാൻ കോളജിന്റെ വിജയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജിന് ലഭിച്ച അംഗീകാരം പാഠ്യപാഠ്യേതര രംഗങ്ങളിൽ ബഹുദൂരം മുന്നേറാൻ ഇടയാക്കുമെന്നും ബിഷപ് പറഞ്ഞു. കോളജ് മാനേജർ മോൺ. പയസ് മലേക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഹയർഎഡ്യൂക്കേഷൻ സെക്രട്ടറി ഡോ.പോൾ പാറത്താഴം, പി.ടി.എ വൈസ് പ്രസിഡന്റ് ജോയി കിഴക്കേൽ, കോളജ് യൂണിയൻ ചെയർമാൻ ജോസ്‌മോൻ ഷിജോ എന്നിവർ പ്രസംഗിച്ചു. ബർസാർ ഫാ.ബെൻസൺ എൻ.ആന്റണി സ്വാഗതവും ഐക്യുഎസി കോഓർഡിനേറ്റർ ഡോ.ടി.ആർ.അഞ്ജു നന്ദിയും പറഞ്ഞു. കോഓർഡിനേറ്റർമാർക്ക് ബിഷപ് മെമന്റോ വിതരണം ചെയ്തു. നിയുക്ത പ്രിൻസിപ്പൽ ഡോ.ജെന്നി കെ.അലക്സിന് ബിഷപ് മാർ മഠത്തിക്കണ്ടത്തിലും മാനേജർ മോൺ.പയസ് മലേക്കണ്ടത്തിലും ചേർന്ന് ന്യൂമാൻ കോളജ് പുറത്തിറക്കിയ പുസ്തകം കൈമാറി. പൊതുസമ്മേളനത്തെ തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറി.