പീരുമേട്: കൊല്ലം- തേനി ദേശീയ പാതയിൽ ചുരക്കുളം ഭാഗത്ത് നിയന്ത്രണം വിട്ട കാർ മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം . മൂന്ന് വാഹനങ്ങൾക്കുംകേടുപാടുകൾ സംഭവിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടുകൂടി പാലായിൽ നിന്നും തമിഴ്നാട് ചിന്നമണ്ണൂരിലേക്ക് പോയ ഡസ്റ്റർ കാർ വണ്ടിപ്പെരിയാർ ചുരക്കുളം കവലയ്ക്ക് സമീപം എത്തിയപ്പോൾ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന കാറിലും,ഓട്ടോറിക്ഷയിലും,സ്‌കൂട്ടറിലും ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളും തൊട്ടടുത്ത തോട്ടിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ദേശീയ പാതയിലുണ്ടായ മറ്റൊരു അപകടത്തിൽ ഒരാളിന് പരിക്ക് പറ്റി. വണ്ടിപ്പെരിയാർ 63 മൈൽ പെട്രോൾ പമ്പിന് സമീപംനിയന്ത്രണം വിട്ട കാർ
ദേശീയപാത സൈഡിൽ കൽപ്പണി ചെയ്തുകൊണ്ടിരുന്ന മേസ്തിരിതൊഴിലാളിയായ മഞ്ജുമല സ്വദേശി ശിവകുമാറിനെ (61) ഇടിച്ച് പരിക്കേൽപ്പിച്ചു. കാലിനും കൈക്കും പരിക്കേറ്റ ശിവകുമാറിനെ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു . അപകടത്തിൽ പെട്ട കാർ സമീപത്തെവൈദ്യുതി പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു . ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നറിയുന്നു.