തൊടുപുഴ: സ്കൂളുകൾക്ക് ഫിറ്റ്നസ് ഉണ്ടോ... പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ എല്ലാം ഓക്കെയാക്കണം. വിദ്യാലയങ്ങളിൽ ഫിറ്റ്നസ് പരിശോധന നടത്താനുള്ള നടപടികൾക്ക് ഉടൻ തുടക്കമാകും. സ്കൂളുകളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധനയ്ക്കും തീയതിയടക്കം ഉടൻ നിശ്ചയിക്കും. സ്കൂൾ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി ലഭിക്കുന്നതിന് അടിത്തറ മുതൽ മേൽക്കൂര വരെ ഫിറ്റാണെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെടണം. ഓരോ അദ്ധ്യയന വർഷവും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് സ്‌കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നതാണ് ചട്ടം. കെട്ടിടത്തിന്റെ ബലം, അടിത്തറ, മേൽക്കൂര, കതക്, ജനൽ, തടിപ്പണികൾ, ഫയർ ആൻഡ് സേഫ്‌റ്റി തുടങ്ങി സകല കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. അവധിക്കാലത്താണ് അറ്റകുറ്റപ്പണികൾ നടത്തുക. പരിശോധനകൾ എത്രയും വേഗത്തിൽ പൂർത്തിയായാൽ മാത്രമെ ആവശ്യമുള്ള മാറ്റങ്ങൾ പ്രാവർത്തികമാക്കാൻ സ്കൂൾ അധികൃതർക്ക് സമയം കിട്ടൂ. 2019ലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് നിർമ്മാണം ആരംഭിച്ചതും അതിനുശേഷം പൂർത്തിയായതുമായ കെട്ടിടങ്ങൾക്ക് ഫയർ ആൻഡ് സേഫ്‌റ്റി സൗകര്യമൊരുക്കുന്നതിൽ ഇളവു നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ നടപടിയുണ്ടാകും.
സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സ്കൂളുകൾ പ്രവർത്തിച്ചാൽ സ്കൂൾ മാനേജർമാരും പ്രഥമാദ്ധ്യാപകരും കുറ്റക്കാരാകും. അദ്ധ്യാപകർക്ക് ശമ്പളവും ലഭിക്കില്ല. നിലവിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്‌കൂൾ മേൽക്കൂരകൾ നീക്കം ചെയ്യുമ്പോൾ നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം സ്‌കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ ടിൻ, അലൂമിനിയം ഷീറ്റ് മേഞ്ഞ സ്‌കൂൾ കെട്ടിടങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഫാൾസ് സീലിംഗ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.
സർട്ടിഫിക്കറ്റ് ലഭിക്കാൻ
തദ്ദേശ സ്ഥാപനങ്ങളാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. മേൽക്കൂരയായി ആസ്ബസ്റ്റോസ് ഷീറ്റുകൾ പാടില്ല. കെട്ടിടം, ഫർണീച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കിണറുകളിലെ സുരക്ഷാഭിത്തികൾ, മുന്നറിയിപ്പ് ബോർഡുകൾ, സ്കൂളും പരിസരവും വൃത്തിയാക്കൽ, കുടിവെള്ള സ്രോതസുകൾ വൃത്തിയാക്കൽ, ശുചിമുറികളുടെ അവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചാണ് ഫിറ്റ്നസ് നൽകുക.
വെല്ലുവിളിയായി ഫണ്ട്
അറ്റകുറ്റപ്പണി നടത്തുന്നതിന് ആവശ്യമായ ഫണ്ട് സ്കൂളുകൾക്ക് യഥാസമയം നൽകാത്തത് സ്കൂളുകൾക്ക് വെല്ലുവിളിയാകുന്നുണ്ട്. എയ്‌ഡഡ് സ്‌കൂളുകളിൽ മാനേജർമാർക്കും ഗവ. എൽ.പി, യു.പി സ്കൂളുകളിൽ ഗ്രാമപഞ്ചായത്തിനും ഹൈസ്‌കൂളുകളിൽ ജില്ലാ പഞ്ചായത്തിനുമാണ് അറ്റകുറ്റപ്പണികളുടെ ചുമതല.