പീരുമേട്: പാമ്പനാറിലും സമീപപ്രദേശങ്ങളിലും ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ജില്ലാ വെക്ടർ കൺട്രോൾ ടീം ഡെങ്കിപ്പനി ബാധിത പ്രദേശമായ പട്ടുമല, പാമ്പനാർ എന്നിവിടങ്ങളിൽ സ്‌പ്രേയിങ് നടത്തുകയും കൊതുക് മുട്ടയിട്ട് വളരുന്നതായി കണ്ടെത്തിയ ജലം സംഭരിച്ചു വച്ചിരിക്കുന്ന പാത്രങ്ങളിൽ ടെമിഫോസ് ഉപയോഗിച്ച് കൂത്താടികളെ നശിപ്പിച്ചു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകളുടെ സാന്നിധ്യം ഉയർന്ന നിലയിൽ കണ്ടെത്തി. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ 12 വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി . അതീവ ഗുരുതര സാഹചര്യങ്ങളിൽ ലൈസൻസ് ഇല്ലാതെ പാമ്പനാർ ടൗണിൽ പ്രവർത്തിച്ച ഒരു തട്ടുകട അടപ്പിച്ചു. മാർക്കറ്റിലെ രണ്ട് കോഴി കടകളും രണ്ട് ഇറച്ചി കടകകളും താൽക്കാലികമായി അടപ്പിച്ചു.വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ അനിൽകുമാർ എ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആന്റണി കെ റ്റി, അനിൽ എസ്, ആശ തങ്കപ്പൻ, ജെസ്സി കുര്യൻ, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഷിനു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പീരുമേട്, വണ്ടിപ്പെരിയാർ, പെരുവന്താനം, കൊക്കയാർ ഏലപ്പാറ ,എന്നീ ആരോഗ്യ സ്ഥാപനങ്ങളിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ 22 അംഗങ്ങളാണ് പരിശോധനയിൽ പങ്കെടുത്തത്. വരും ദിവസങ്ങളിൽ പരിശോധനകൾ ഊർജിതമായി നടത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചതായി വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വെങ്കിടലക്ഷ്മി അറിയിച്ചു.
ഡെങ്കിപ്പനിക്കെതിരെ ആരോഗ്യ പ്രവർത്തകർ നടത്തിയ പ്രതിരോധ പ്രവത്തനങ്ങളുടെ ഭാഗമായി പാമ്പനാർ ടൗണിൽ പഴകിയ ഭക്ഷണ സാധനങ്ങൾ ഉൾപ്പടെയുള്ളവ നശിപ്പിക്കുന്നു.