നെടുങ്കണ്ടം: വാർക്കത്തട്ട് പൊളിക്കുന്നതിനിടെ തൂക്കുപാലം കോമ്പമുക്കിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് നിർമാണ തൊഴിലാളി മരിച്ചു. പാലാർ കുന്നിൽ വിനോദ് (45) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ വീടിന്റെ നിർമാണ പ്രവർത്തികൾ നടക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. കഴിഞ്ഞയാഴ്ച കെട്ടിടത്തിന്റെ വാർക്കപ്പണികൾ പൂർത്തീകരിച്ചിരുന്നു. ഇതിന്റെ തട്ട് പൊളിക്കുന്നതിനായാണ് വിനോദ് എത്തിയത്. വീടിന്റെ സൺഷൈഡിൽ നിന്നുകൊണ്ട് തട്ട് പൊളിക്കുന്നതിനിടെ വിനോദ് മുറ്റത്തേക്ക് വീഴുകയായിരുന്നു. നിർമാണ ആവശ്യങ്ങൾക്കായി കൂട്ടിയിട്ടിരുന്ന മണലിന്റെ പുറത്തേക്കാണ് വീണതെങ്കിലും ബോധം നഷ്ടമായി. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ വിനോദിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശ്രീജ.മക്കൾ: ആര്യ, അരുൺ.