മരങ്ങൾ കടപുഴകി, ശിഖരങ്ങൾ ഒടിഞ്ഞു

കാറിന് മുകളിലേയ്ക്ക് മരംവീണു

പത്തിലധികം സ്ഥലങ്ങളിൽ ഗതാഗത തടസം

ചിലയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി

തൊടുപുഴ: നഗരത്തിലും പരിസര പഞ്ചായത്തുകളിലും ഇന്നലെ വൈകിട്ടുണ്ടായ വേനൽമഴയിൽ കനത്ത നാശം. വൈകിട്ട് അഞ്ച് മണിയോടെ ശക്തമായ കാറ്റോടെയാണ് മഴ എത്തിയത്. കിഴക്കൻ മേഖലയിൽ നിന്ന് ആഞ്ഞ് വീശിയ കാറ്റ് ഏതാണ് അരമണിക്കൂറോളം തുടർന്നു. 10ൽ അധികം സ്ഥലങ്ങളിൽ ഗതാഗത തടസ്സവുമുണ്ടായി. നിരവധിയിടങ്ങളിലാണ് മരങ്ങൾ കടുപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞ് വീണും നാശമുണ്ടായത്. നിരവധി പേരുടെ വാഴ, കപ്പ പോലുള്ള കൃഷികളും കാറ്റിൽ നശിച്ചിട്ടുണ്ട്.
നടയത്തിന് സമീപം മരം വീണ് കാറിന് തകരാറുണ്ടായി. പത്മാലയം കൃഷ്ണകുമാറിന്റെ കാറിന് മുകളിലേക്ക് സമീപവാസിയുടെ മരം വീഴുകയായിരുന്നു. വെങ്ങല്ലൂർ ബൈപ്പാസ്, തൊണ്ടിക്കുഴ, കാരിക്കോട്, കുമ്പംകല്ല്, ഇടവെട്ടി, വഴിത്തല എന്നിവിടങ്ങളിൽ മരം വീണ് ഗതാഗത തടസമുണ്ട്. തൊടുപുഴയിൽ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. കല്ലൂർക്കാട് നിന്നും ഫയർഫോഴ്‌സ് സംഘം എത്തിയിരുന്നു.
വെങ്ങല്ലൂർ ബൈപ്പാസിൽ മരം വീണതിനെ തുടർന്ന് അരമണിക്കൂറോളം ഗതഗതം തടസപ്പെട്ടു. ചിലയിടങ്ങളിൽ മഴയെ തുടർന്ന് വെള്ളക്കെട്ടുമുണ്ടായി. മരച്ചിലകൾ ഒടിഞ്ഞ് റോഡിലേക്ക് വീണത് പലയിടത്തും ഗതാഗത തടസമുണ്ടാക്കി.
തൊണ്ടിക്കുഴ നടയം റോഡിൽ മരവെട്ടിച്ചുവടിന് സമീപം റബർമരം കടപുഴകി വീണ് വൈദ്യുതി പോസ്‌റ്റൊടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം രണ്ട് മണിക്കൂറോളം മുടങ്ങി. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് മരം മുറിച്ച് നീക്കിയത്. റോഡിൽ വൈദ്യുതി ലൈനുകൾ കിടക്കുന്നത് വാഹനയാത്രികർക്ക് തടസമാണ്. 10ൽ അധികം മരങ്ങളാണ് തൊണ്ടിക്കുഴ മേഖലയിൽ മാത്രം ഒടിഞ്ഞുവീണത്. ശക്തമായ കാറ്റിലും മഴയിലും ഇടവെട്ടി പഞ്ചായത്തിലെ ശാസ്താംപാറയിൽ വീടിന് മുകളിലേക്ക് മരം വീണു. മാർത്തോമ്മ,നടയം പ്രദേശത്ത് മരങ്ങൾ കടപുഴകി വീണ് ഇലക്ട്രിക് ലൈനുകൾ തകരാറിലായി ഗതാഗതതടസ്സം ഉണ്ടായി.
വേനൽമഴ ശക്തിപ്പെടും

കഴിഞ്ഞ ഏതാനം ദിവസങ്ങളായി തൊടുപുഴയിൽ താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു. ഇന്നലെ പകൽ 42 ഡിഗ്രി വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ചൂട് കൂടി നിൽക്കുന്നതാണ് ശക്തമായ മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർർ നൽകുന്ന വിശദീകരണം. വരും ദിവസങ്ങളിലും വേനൽമഴ നാശം വിതയ്ക്കാൻ ഇടയുണ്ട്. കഴിഞ്ഞവാരം പെയ്ത മഴയിലും വിവിധയിടങ്ങളിൽ നാശമുണ്ടായിരുന്നു.