elamfarmer

കട്ടപ്പന :കടുത്ത വേനൽ ചൂട് ഹൈറേഞ്ചിലെ ഏലം കൃഷിയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുന്നു.കാഞ്ചിയാർ പഞ്ചായത്തിൽ ഉൾപ്പെട്ട വെങ്ങാലൂർകട കണ്ണംപള്ളി വീട്ടിൽ വർഗീസ് മാണിയുടെ 5 ഏക്കർ കൃഷിയിടത്തെ ഏലം കൃഷി പൂർണമായി നശിച്ചു.ലോൺ എടുത്ത് കൃഷി ഇറക്കിയതിനാൽ വലിയ സമ്പത്തിക പ്രതിസന്ധിയെയാണ് കർഷകൻ നേരിടുന്നത്. കൃഷിയിടത്ത് പ്രധാനമായും ഏലമാണ് പരിപാലിച്ചു പോന്നിരുന്നത് . വേനലിന്റെ ആരംഭത്തിൽ തന്നെ വലിയതോതിൽ ജലസേചനം അടക്കം നടത്തിയിരുന്നുവെങ്കിലും കനത്ത താപനില കർഷകന്റെ പരിശ്രമത്തിന് തിരിച്ചടി നൽകി. ഏല ചെടികളെ സംരക്ഷിക്കാൻ പരമാവധി ശ്രെമം നടത്തവേ കൃഷിയിടത്തിലെ ജലസ്രോതസ്സുകൾ വറ്റിവരണ്ടത് ഇരുട്ടടിയായി.മുൻപുണ്ടായ കടുത്ത വേനലുകളിലും വറ്റാത്ത പാറകുളങ്ങൾ പോലും വറ്റിവരണ്ടതോടെ ഭീമമായ തുക മുടക്കി കർഷകൻ വെള്ളമെത്തിച്ച് കൃഷി സംരക്ഷിക്കാൻ ശ്രമം നടത്തി. എന്നാൽ സാമ്പത്തിക നഷ്ടമുണ്ടായതല്ലാതെ ഫലം കണ്ടില്ല. ഏലത്തിനു പുറമേ കുരുമുളക് കൃഷിയും കരിഞ്ഞുണങ്ങുകയാണ്. നിലവിലെ കൃഷികൾ ഉണങ്ങി വരണ്ടതോടെ പുനർ കൃഷി മാത്രമാണ് ഇനി തരിശുനിലങ്ങൾക്ക് സമമായ മണ്ണിൽ ചെയ്യാനുള്ളത്. എന്നാൽ ജില്ലയെ ആകമാനം പ്രതികൂലമായി ബാധിച്ച വേനൽ ചൂടിൽ പുതിയ ഏലത്തട്ടകൾ ലഭ്യമാകുമോ എന്ന ആശങ്കയാണ് കർഷകർക്കുള്ളത്.

കൃഷിയിടങ്ങളിൽ യുഡിഎഫ് നേതാക്കൾ

സന്ദർശനം നടത്തി

കട്ടപ്പന :വരൾച്ച ബാധിത പ്രദേശമായി ജില്ലയെ പ്രഖ്യാപിക്കുന്നതിനൊപ്പം കർഷകർക്കായി പ്രത്യേക പാക്കേജും ധനസഹായവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് യു. ഡി. എഫ് നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലയുടെ സാമ്പത്തിക ഉറവിടമായ കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഇക്കൊല്ലത്തെ വേനൽ സമ്മാനിച്ചത്. ഏലവും കുരുമുളകും അടക്കം വേനൽ ചൂടിൽ പൂർണ്ണമായി നശിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വേനൽ ചൂട് നാശം വിതച്ച ജില്ലയിലെ വിവിധ കൃഷിയിടങ്ങളിൽ യുഡിഎഫ് ജില്ലാസമിതിയുടെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശനം നടത്തിയത്.
കാഞ്ചിയാർ മൂക്കിലിക്കാട്ട് വർക്കിയുടെ, നാശനഷ്ടമുണ്ടായ കൃഷിയിടത്തിൽ ജില്ലാ ചെയർമാൻ ജോയ് വെട്ടികുഴി, കൺവീനർ എം .ജെ ജേക്കപ്പ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ,നേതാക്കളായ കെ .എ കുര്യൻ, ജോർജ് ജോസഫ് പടവൻ, ഒ.ആർ ശശി തുടങ്ങിയ നേതാക്കളാണ് സന്ദർശനം നടത്തിയത്.