ഇടുക്കി : വാർദ്ധക്യത്തിൽ തന്നെ സംരക്ഷിക്കണമെന്ന ഉപാധിയിൽ 20 സെന്റ് സ്ഥലവും കെട്ടിടവും 5 ലക്ഷം രൂപയും കോതമംഗലം ഊന്നുകല്ലിലുള്ള ചാരിറ്റബിൾ സൊസൈറ്റിക്ക് വിട്ടുകൊടുത്തിട്ടും തന്നെ സംരക്ഷിക്കാനോ കെട്ടിടവും സ്ഥലവും വിട്ടുനൽകാനോ സൊസൈറ്റി തയ്യാറാവുന്നില്ലെന്ന പരാതിയിൽ സിവിൽ കോടതിയിൽ പരാതിക്കാരിക്ക് ജില്ലാ നിയമ സേവന അതോറിറ്റി നിയമസഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.സിവിൽ കോടതി മുഖാന്തിരം നീതി തേടാമെന്നും പരാതിക്കാരിയുടെ പൂർണ സമ്മേതം വാങ്ങിയ ശേഷം സാമൂഹിക നീതി വകുപ്പിന്റെ ഒരു സ്ഥാപനത്തിൽ പരാതിക്കാരിക്ക് സംരക്ഷണം നൽകണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അയ്യപ്പൻ കോവിൽ സ്വദേശി അന്നമ്മ വർഗീസിന്റെ പരാതിയിലാണ് നടപടി.

കോതമംഗലം ഊന്നുകല്ലിലുള്ള സൊസൈറ്റി ഓഫ് മരിയൻ സിംഗിൾസിന് വേണ്ടിയാണ് പരാതിക്കാരി സ്ഥലം നൽകിയതെന്നും പരാതിക്കാരിക്ക് നൽകിയ ഉറപ്പ് സ്ഥാപനം പാലിച്ചിട്ടില്ലെന്നും ഇടുക്കി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. ഇപ്പോൾ സൊസൈറ്റിക്ക് വൃദ്ധസദനം തുടങ്ങാൻ താൽപര്യമില്ല. പരാതിക്കാരി ഒറ്റയ്ക്കാണ് താമസമെന്നും സംരക്ഷണം ഉറപ്പു വരുത്തേണ്ടതാണെന്നും ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസറും ഇതേ വിവരം റിപ്പോർട്ട് ചെയ്തു. പരാതിക്കാരിയെ സംരക്ഷിക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്നും സാമൂഹിക നീതി ഓഫീസർ കമ്മീഷനെ അറിയിച്ചു.കരാർ ലംഘനവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് സിവിൽ കോടതിയെ സമീപിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചത്.