baizen

പീരുമേട് : ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് നാട്ടുകാരെ ഭീതിയിലാക്കുന്നു. പോബ്‌സ് എസ്റ്റേറ്റ് മേലഴുത ഡിവിഷനിലെ തേയില തോട്ടത്തിൽ കൊളുന്ത് എടുക്കുന്ന തൊഴിലാളികളാണ് ആദ്യം കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് രണ്ട് ദിവസമായി തോട്ടത്തിൽ കറങ്ങി നടന്ന കാട്ടുപോത്ത് ഇന്നലെ വൈകിട്ട് 5 മണിയോട് പഴയ പാമ്പനാർ പാലത്തിന് സമീപമുള്ള കുളത്തിൽ ഇറങ്ങി വെള്ളം കുടിച്ചു. തുടർന്ന് റോഡിലേക്ക് കയറിയ കാട്ട് പോത്ത് വാഹനങ്ങളും നാട്ടുകാരെയും കണ്ട് എതിർവശത്തുള്ള ഈറ്റക്കാട്ടിലേക്ക് ഓടി മറഞ്ഞു. കഴിഞ്ഞദിവസം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല.ഇന്നലെ പഴയ പാമ്പനാർ ജംഗ്ഷനിൽ ഇറങ്ങിയ കാട്ടുപോത്തിനെ കണ്ട നാട്ടുകാർ ഭീതിയിലായിരിക്കയാണ്. വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.