തൊടുപുഴ: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 83.44 ശതമാനം വിജയം. കഴിഞ്ഞതവണ 84.57 ശതമാനം വിജയമുണ്ടായിരുന്നു. വിജയശതമാനത്തിൽ സംസ്ഥാനത്ത് രണ്ടാമതാണ് ജില്ല. കഴിഞ്ഞതവണ അഞ്ചാമതായിരുന്നു. ആകെ 9813 പേർ പരീക്ഷയെഴുതിയതിൽ 8188 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഇതിൽ 1216 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്. 9877 കുട്ടികളാണ് ആകെ രജിസ്റ്റർ ചെയ്തത്.ടെക്‌നിക്കൽ വിഭാഗത്തിലും വിജയശതമാനം കുറഞ്ഞു. 65 ശതമാനമാണ് വിജയം. കഴിഞ്ഞതവണ 72.99 ശതമാനം വിജയമുണ്ടായിരുന്നു. പരീക്ഷയെഴുതിയ 141 പേരിൽ93 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ആറുപേർക്ക് മാത്രമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ആകെ 144 പേരാണ് രജിസ്റ്റർ ചെയ്തത്.
ഓപ്പൺ സ്‌കൂൾ വിഭാഗത്തിലും വലിയ കുറവാണ് വിജയശതമാനത്തിലുണ്ടായിരിക്കുന്നത്. 38 ശതമാനം മാത്രമാണ് ജില്ലയിലെ വിജയശതമാനം. കഴിഞ്ഞവർഷം 46.18. ആകെ 396 കുട്ടികൾ പരീക്ഷയെഴുതി. 153 പേരാണ് ജയിച്ചത്. ഇതിൽ മൂന്നുപേർക്ക് മാത്രമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. 407 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.
സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് അട്ടപ്പള്ളം കുമളി, മോഡൽ റസിഡൻഷ്യൽ സ്കൂൾ മൂന്നാർ, ഗവ. മോഡൽ റസിഡൻഷ്യൽ എച്ച്എസ്എസ് പീരുമേട് എന്നീ സ്കൂളുകളിൽ നൂറ് ശതമാനം വിജയമുണ്ട്.
ഗവ. തമിഴ് എച്ച്എസ്എസ് ദേവികുളം (18.39), സിപിഎം ഗവ. എച്ച്എസ്എസ് പീരുമേട് (27.40), ഗവ. എച്ച്എസ്എസ് വട്ടവട (27.27), ഗവ. എച്ച്എസ്എസ് ചിന്നക്കനാൽ (14.29) എന്നീ സ്കൂളുകളിലാണ് കുറഞ്ഞ വിജയ ശതമാനം.
1200ൽ 1200 മാർക്കും നേടിയ ഒരു വിദ്യാർത്ഥി പോലും ജില്ലയിലില്ല.വി.എച്ച്.എസ്.ഇയിൽ 68.57 ശതമാനം വിജയം നേടി. 1015 പേർ പരീക്ഷയെഴുതി. 696 പേർ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞ വർഷം 71.24 ശതമാനം വിജയം ഉണ്ടായിരുന്നു.