കട്ടപ്പന :ദിനംപ്രതി വാഹനപ്പെരുപ്പം ഉണ്ടാകുമ്പോഴും കട്ടപ്പന നഗരസഭയുടെ ട്രാഫിക് പരിഷ്‌കരണങ്ങൾ പിന്നോട്ടാണ്. ഓരോ ദിവസവും വലിയ ഗതാഗത കുരുക്കിനെയാണ് നഗരം അഭിമുഖീകരിക്കുന്നത്. ടൗണിന്റെ വിവിധ ഇടങ്ങളിൽ ഗതാഗത നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അവയെല്ലാം നോക്കുകുത്തികൾക്ക് സമമാണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് കട്ടപ്പനയിലെ ട്രാഫിക് ലംഘനങ്ങൾ. ടൗണിന്റെ വിവിധയിടങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അനധികൃത പാർക്കിങിന് ഒരു അയവും വന്നിട്ടില്ല. ചെറു വഴികളിൽ നിന്നും പ്രധാന വഴിയിലേക്ക് വാഹനം കയറി വരുന്ന ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന നിയന്ത്രണ ബോർഡുകളും ഡ്രൈവർമാർ ശ്രദ്ധിക്കുന്നില്ല എന്നതാണ് വസ്തുത.ബോർഡുകളെ അവഗണിച്ചുകൊണ്ട് പ്രധാന റോഡുകളിലേക്ക് വാഹനങ്ങൾ കയറി വരുന്നതോടെ കട്ടപ്പന നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഗതാഗത തടസ്സം ഉടലെടുക്കുകയാണ്. ഇതിനുപുറമേ നിരവധി ബൈപാസ് റോഡുകൾ അടക്കം ഉപയോഗശൂന്യമായി കിടക്കുമ്പോഴും ആളുകൾ പ്രധാന റോഡിനെ മാത്രം ആശ്രയിക്കുന്നത് നഗരത്തെ ഗതാഗത കുരുക്കിലേക്ക് നയിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുൻപ് അനധികൃത പാർക്കിംഗ് അടക്കമുള്ള ട്രാഫിക് നിയന്ത്രണങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇടപെലും കുറഞ്ഞു.
ബോധവത്ക്കരണം
അനിവാര്യം
സെൻട്രൽ ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ, ഇടുക്കി കവല, ചേന്നാട്ടുമറ്റം ജംഗ്ഷൻ,പള്ളിക്കവല, സബ് ട്രഷറി റോഡ്, മാർക്കറ്റ് റോഡ്, കുന്തളം പാറ റോഡ്, എന്നിവിടങ്ങളിലാണ് ഗതാഗത തടസ്സം രൂക്ഷമാകുന്നത്. ട്രാഫിക് നിയന്ത്രണ ബോർഡുകളും ഗതാഗത പരിഷ്‌കരണങ്ങളും കാര്യക്ഷമമാക്കുന്നതിനൊപ്പം, ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകുക കൂടി ചെയ്‌തെങ്കിൽ മാത്രമേ നഗരത്തെ ഞെരിക്കുന്ന ഗതാഗത പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കൂ.