തൊടുപുഴ: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയ്ക്ക് 22 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ മണക്കാട് പുതുപ്പരിയാരം കാണിയാംകുടിയിൽ സാബു(43)വിനെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷൽ കോടതി ജഡ്ജി നിക്‌സൺ എം.ജോസഫ് ശിക്ഷിച്ചത്. ബലാത്സംഗത്തിന് 15 വർഷം, ലൈംഗികാതിക്രമത്തിന് നാലു വർഷം, ഭീഷണിപ്പെടുത്തിയതിന് മൂന്നു വർഷവും വീതമാണ് ശിക്ഷ വിധിച്ചത്. 2015 നവംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിൽ പോകുകയായിരുന്ന പെൺകുട്ടിയെ വഴിമദ്ധ്യെ ബലം പ്രയോഗിച്ച് സമീപത്തെ വാഴത്തോട്ടത്തിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ശിക്ഷ വിധിച്ചത്. ഇരയായ പെൺകുട്ടിയുടെ പുനരധിവാസത്തിനായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയ്ക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി.വാഹിദ ഹാജരായി.