ചെറുതോണി: കീരിത്തോട് ശിവപാർവ്വതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മം നാളെ രാവിലെ 11.45 നും 12.03നും മദ്ധ്യേ അഭിജിത്ത് മുഹൂർത്തത്തിൽ നടക്കും. പ്രതിഷ്ഠാ കർമ്മം ക്ഷേത്രം തന്ത്രി ഡോ. ഒ.വി. ഷിബു ഗുരുപദം നിർവഹിക്കും. ഇന്ന് വൈകിട്ട് ആറിന് താഴികക്കുട പ്രതിഷ്ഠ. രാവിലെ പള്ളിയുണർത്തലോടുകുടി ക്ഷേത്രചടങ്ങുകൾ ആരംഭിക്കും. 5.30ന് ഗണപതിഹോമം, സംഹാരതത്വഹോമം, കലശാഭിഷേകം, ജിവോദ്വാസനം, ജലോദ്ധാരം, നേത്രോന്മിലനം, ജലദ്രോണി, കുംഭേശ കർക്കരീ പൂജകൾ, ശയ്യാ പൂജ, ബ്രഹ്മ കലശപൂജ, പരികലശപൂജ, ബിംബവും ജീവകലശവും, ശയ്യയിലേക്ക് എഴുന്നള്ളിക്കൽ, അന്നദാനം. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി തെക്കേടത്ത് ഗോപൻ ശാന്തികളുടെ നേതൃത്വത്തിൽ വൈദിക ശ്രേഷ്ഠന്മാർ കാർമ്മികത്വം വഹിക്കും. പ്രതിഷ്ഠാനന്തരം ഉപദേവതാ- പരിവാര പ്രതിഷ്ഠകളും നടക്കും. വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനവും ക്ഷേത്രസമർപ്പണവും. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിക്കും. കീരിത്തോട് ശാഖാ പ്രസിഡന്റ് സന്തോഷ് കടമാനത്ത് സ്വാഗതം ആശംസിക്കും. മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ക്ഷേത്ര സമർപ്പണ കർമ്മം നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി ഡോ. ഒ.വി. ഷിബു ഗുരുപദം അനുഗ്രഹ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി അനു തോമരയ്ക്കാക്കുഴി സംഘടനാ സന്ദേശം നൽകും. ജനപ്രതിനിധികൾ, യൂണിയൻ- ശാഖാ ഭാരവാഹികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വൈദിക ശ്രേഷ്ഠർ എന്നിവർ ആശംസകളർപ്പിക്കും. സമ്മേളനത്തിൽ മുൻകാല ഭാരവാഹികളെ ആദരിക്കും. സമ്മേളാനാനന്തരം ഗാനമേളയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് സന്തോഷ് കടമാനത്ത്, വൈസ് പ്രസിഡന്റ് വിനോദ് കള്ളികാട്ട്, സെക്രട്ടറി അനു തൊമരയ്ക്കാക്കുഴി, ജനറൽ കൺവിനർ ജ്യോതിഷ് കുടിക്കത്ത് എന്നിവർ അറിയിച്ചു.