കാന്തല്ലൂർ: കാന്തല്ലൂർ മേഖലയുടെ കാർഷിക- വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകുന്ന കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് ഇനി രണ്ട് നാൾ കൂടി മാത്രം. 12ന് ഫെസ്റ്റ് സമാപിക്കും. റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ച് ചൊവ്വാഴ്ച മുതലായിരുന്നു ഫെസ്റ്റിന് തുടക്കം കുറിച്ചത്. കാന്തല്ലൂരിന്റെ ടൂറിസം വികസനത്തിനായും അവധിക്കാലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഫെസ്റ്റ് നടക്കുന്നത്. രണ്ടാം തവണയാണ് ഫെസ്റ്റ് നടത്തുന്നത്. കാന്തല്ലൂർ പഞ്ചായത്ത്, റിസോർട്ട് ആൻഡ് ഹോംസ്റ്റേ അസോസിയേഷൻ, ഡ്രൈവേഴ്സ് യൂണിയൻ എന്നിവർ ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കാന്തല്ലൂർ മേഖലയുടെ കാർഷിക, വിനോദ സഞ്ചാര മേഖലയ്ക്ക് ഫെസ്റ്റ് ഉണർവ്വേകിയിട്ടുണ്ട്. ഫെസ്റ്റിലേക്കെത്തുന്നവർക്ക് കാന്തല്ലൂരിലെ ടൂറിസം കേന്ദ്രങ്ങൾ, ശിലായുഗ കാഴ്ചകൾ, മുനിയറകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയും സന്ദർശിക്കാം. കൂടാതെ, ഭൗമസൂചിക പദവി നേടിയ മറയൂർ ശർക്കര, വെളുത്തുള്ളി, ശീതകാല പച്ചക്കറികൾ, ആപ്പിൾ, സ്‌ട്രോബറി, റാഗി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ വിളയുന്ന തോട്ടങ്ങളും കാണാം. ചലച്ചിത്ര താരങ്ങൾ ഒരുക്കുന്ന മെഗാഷോ, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റ് നഗരിയിലെ പ്രദർശന വിപണന സ്റ്റാളുകളിൽ സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇന്ന് വൈകിട്ട് വിസ്മയകലാപ്രകടനത്തിലൂടെ ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ പ്രേക്ഷകരെ ലഭിച്ച ആദ്യമലയാളിയായ ഡോ. ജിതേഷ്ജിയുടെ ജി ഷോ അശോകം വിസ്മയനിശ അരങ്ങേറും. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സ്ട്രീറ്റ് ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കിയ കാന്തല്ലൂർ ഗ്രാമത്തിന് മികച്ച ഗ്രാമീണ ടൂറിസം പദ്ധതി വിഭാഗത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഗോൾഡ് അവാർഡ് ലഭിച്ചിരുന്നു. ഈ ഒരാവേശം കൂടി ഉൾകൊണ്ടാണ് ഇത്തവണ രണ്ടാമത് കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. തദ്ദേശീയരും വിനോദ സഞ്ചാരികളും ഒരേ പോലെ ഫെസ്റ്റിലേക്കെത്തിച്ചേരുന്നുണ്ട്.