പീരുമേട്: കൊല്ലം- തേനി ദേശീയപാതയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ദേശീയപാതയിൽ കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള റോഡിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അമ്പതിലേറെ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കൊടുംവളവുകളിൽ വാഹനങ്ങൾ ഡ്രൈവർമാർ വീശിയടുക്കുമ്പോഴും മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴുമാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്. വാഗമൺ സന്ദർശിച്ചു മടങ്ങിയ തിരുവനന്തപുരം നാവായിക്കുളം സ്വദേശികൾ സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചതാണ് ഏറ്റവുമൊടുവിലുണ്ടായ അപകടം. കാർ ഓടിച്ചിരുന്ന ഷിബുവിന്റെ മകളും ഭാര്യ സഹോദരിയുമായിരുന്നു മരിച്ചത്. പ്ലസ്ടു ഫലം കാത്തിരുന്ന വിദ്യാർത്ഥിനിയാണ് മരിച്ച ഒരാൾ. മറ്റൊന്ന് 45 കാരിയും. അപകടത്തിൽപ്പെട്ട നാല് പേരും ഗുരുതര പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. പ്രദേശം പരിചയമില്ലാത്തയാളായിരുന്നു ഡ്രൈവർ. 500 അടി താഴ്ചയിലേക്കാണ് കാർ പതിച്ചത്. മാസങ്ങൾക്ക് മുമ്പ് കടുവാപ്പാറയ്ക്ക് സമീപം ടോറസ് ലോറി വളവ് വീശി എടുക്കുമ്പോൾ ഓട്ടോറിക്ഷയുടെ മുകളിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. ഓട്ടോറിക്ഷയിൽ അപ്പം കടകളിലെത്തിച്ച് ഉപജീവനം നടത്തിയിരുന്നയാളാണ് അന്നു മരിച്ചത്. മാസങ്ങൾക്ക് മുമ്പ് ബൈക്ക് ലോറിയിൽ ഇടിച്ച് 18കാരൻ ഇവിടെ മരിച്ചു. മറ്റൊരു ബൈക്ക് അപകടത്തിൽ ചുഴിപ്പിൽ ഒരു സ്ത്രീ മരിച്ചു. ടയർ കമ്പനിയുടെ ടയറുമായി പോയ പിക്ക് അപ്പ് വാൻ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ശബരിമല സീസണിൽ ഈ പാതയിൽ ദിനംപ്രതി നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പടുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന അയപ്പന്മാരുടെ വാഹനങ്ങളാകും അപകടത്തിൽപ്പെടുന്നതിലേറെയും. അമിത വേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടാനിടയാകുന്നുണ്ട്. ദീർഘദൂരം ഓടി വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ തണുപ്പും കാറ്റുമുള്ള ഈ പ്രദേശങ്ങളിൽ എത്തുമ്പോൾ ഉറങ്ങി പോകുന്നതും അപകടങ്ങൾക്ക് കാരണമാണ്. അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾ കർശനമാക്കുകയും ചെയ്താൽ അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനാകും.
അപകട കാരണങ്ങൾ
ഡ്രൈവർമാരുടെ അശ്രദ്ധ
റോഡ് പരിചയമില്ലായ്മ
കോടമഞ്ഞ് മൂലം കാഴ്ച മങ്ങുന്നത്
കുത്തനെയുള്ള കയറ്റവും ഇറക്കവും
തണുപ്പും മൂലം ഡ്രൈവർമാർ ഉറങ്ങുന്നത്
സൂക്ഷിക്കുക ഈ അപകട വളവുകൾ
മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള ദേശീയപാതയിൽ കൊടികുത്തി, പെരുവന്താനം, അമലഗിരി, പുല്ലുപാറ, കടുവാപ്പാറ, മുറിഞ്ഞപുഴ, വളഞ്ഞാങ്ങാനം, കുട്ടിക്കാനം എന്നിവിടങ്ങളിലെ വളവുകൾ അപകടം പതിയിരിക്കുന്നതാണ്. റോഡിന്റെ വശങ്ങളിൽ മിക്കയിടങ്ങളിലും ക്രാഷ് ബാരിയർ തകർന്നിട്ടുണ്ട്. നിലവിലുള്ള ക്രാഷ്ബാരിയറിൽ വള്ളി പടർപ്പുകളും കാടും മൂടി റോഡ് തിരിച്ചറിയാത്ത വിധത്തിൽ കിടക്കുകയാണ്.