കട്ടപ്പന: നൂറുകണക്കിന് കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന ഫുട്പാത്തിന്റെ സ്ലാബ് തകർന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ മൗനം പാലിക്കുകയാണ്. ആറ് മാസങ്ങൾക്ക് മുമ്പാണ് കട്ടപ്പന സെൻട്രൽ ഇടശേരി ജംഗ്ഷൻ റോഡിലെ കാലപ്പഴക്കം ചെന്ന സ്ലാബ് ഇരുചക്ര വാഹനം കയറിയതിനെ തുടർന്ന് ഒടിഞ്ഞത്. ഇവിടെ അപകട സാധ്യത വർദ്ധിച്ചതോടെ സമീപത്തുള്ള വ്യാപാരികൾ കയറ് വലിച്ച് കെട്ടിയിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയോടെ സ്ലാബ് പൂർണമായും ഒടിഞ്ഞ് താഴെ വീണു. ഇതോടെ കാൽനട യാത്രക്കാർ നടക്കുമ്പോൾ ഓടയിൽ വീഴാനുള്ള സാധ്യതയേറെയാണ്. കൂടാതെ അസഹ്യമായ ദുർഗന്ധം മൂലം വ്യാപാരികളും യാത്രക്കാരും ബുദ്ധിമുട്ടുകയുമാണ് രാത്രിയാകുന്നതോടെ വെളിച്ചത്തിന്റെ അഭാവത്തിൽ അപകട ഭീഷണി വർദ്ധിക്കുകയും ചെയ്യും. നഗരസഭാ അധികൃതരും പൊതുമരാമത്ത് വകുപ്പും ശ്രദ്ധ ചെലുത്തുകയും സ്ലാബ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.