തൊടുപുഴ: കുളത്തിലും കിണറിലുമെല്ലാം പുലിയെ കണ്ടുവെന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം അഭ്യൂഹം വ്യാപകമാകുമ്പോഴും പുലിയെ ഇതുവരെ പിടികൂടാനായില്ല. മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന പുള്ളിപുലിയെയാണ് ഒന്നര മാസം കഴിഞ്ഞിട്ടും പിടികൂടാനാകാത്തത്. ചത്ത കോഴിയെയും ജീവനുള്ള ആടിനെയുമൊക്കെ വച്ച് വനം വകുപ്പ് കെണിയൊരുക്കിയെങ്കിലും ഇതുവരെ പുലി കുടുങ്ങാത്തത് ജനങ്ങളെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. പുലിയുടെ സാന്നിധ്യമുള്ളയിടങ്ങളിൽ വനം വകുപ്പിന്റെ പ്രത്യേക സംഘം നിരീക്ഷണം നടത്തുന്നുണ്ട്. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികളും രൂപീകരിച്ചിട്ടുണ്ട്. ആടിനെ കാട്ടി പുലിയെ കൂട്ടിലാക്കാമെന്നാണ് വനം വകുപ്പിന്റെ കണക്ക് കൂട്ടൽ. ഇതിനായി കൂട്ടിൽ ആടിനെ വച്ചിട്ടിപ്പോൾ ആഴ്ചകൾ കഴിഞ്ഞു. പുലിയുടെ സാന്നിധ്യം കൂടുതലായുള്ള പൊട്ടൻപ്ലാവിൽ സ്ഥാപിച്ചിരിക്കുന്ന കൂട്ടിൽ പുലി കുടുങ്ങുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നാട്ടുകാരും. തൊടുപുഴ നഗരത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ പലയിടങ്ങളിലായി പുലിയെ കണ്ടെന്ന വിവരങ്ങൾ വനം വകുപ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിലാണ് പുലിയുടെ സാന്നിധ്യം ആദ്യം സ്ഥിരീകരിക്കുന്നത്. പിന്നീട് മുട്ടം പഞ്ചായത്തിലെ പലയിടങ്ങളിലും പുലിയെ കണ്ടതോടെ നാട്ടുകാരുടെ ആശങ്ക ഇരട്ടിയായി. പഞ്ചായത്ത് തലത്തിൽ ജാഗ്രതാ സമിതികളും രൂപീകരിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ കാണപ്പെട്ടത് ഒരേ പുലി തന്നെയാകാമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
'അനാവശ്യ ആശങ്ക വേണ്ട. വനംവകുപ്പും പഞ്ചായത്തും അവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്."
-കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ്
പുറത്തിറങ്ങാൻ പേടി
കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് ഈ സമയങ്ങളിൽ ആരും പുറത്തിറങ്ങാറില്ല. പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിന് ശേഷം കൃഷിയിടങ്ങളിൽ പോലും ഇറങ്ങാൻ ഭയപ്പെടുകയാണ് നാട്ടുകാർ. ജനവാസമേഖലയോട് ചേർന്നുള്ള പാറക്കൂട്ടങ്ങൾക്കിടയിലാണ് പുലിയുടെ മടയെന്നാണ് സംശയം. ഇവിടങ്ങളിൽ പുലിയെത്തുന്ന നിരവധി ദൃശ്യങ്ങൾ വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ഇതിനോടകം പതിഞ്ഞിട്ടുണ്ട്. പകലും രാത്രിയുമൊക്കെ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വീടിനോട് ചേർന്നുള്ള പാറക്കൂട്ടങ്ങൾക്കിടയിൽ ഉൾപ്പെടെ ജനവാസമേഖലകളിൽ പുലി ചുറ്റിക്കറങ്ങുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.