coco
കൊക്കോ

കട്ടപ്പന: ഈ മാസത്തിന്റെ ആദ്യ വാരത്തിൽ 1000- 1075 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില 580- 600 രൂപയാണ് ഇപ്പോൾ ലഭിയ്ക്കുന്നത്. 270 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോയ്ക്ക് 180 രൂപയായും വില താഴ്ന്നു. അടുത്തിടയ്ക്ക് ഉണ്ടായ കീടബാധയും അണ്ണാൻ, മരപ്പട്ടി ശല്യവും മൂലം പല കർഷകരും കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉത്പാദനം കുത്തനെ ഇടിയുകയും വില കുതിച്ചു കയറുകയുമായിരുന്നു. എന്നാൽ കുത്തനെയുള്ള വിലയിടിവിന് പിന്നിൽ ചോക്ലേറ്റ് കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടനില നിൽക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികൾ പറയുന്നത്. മേയ് മുതൽ സെപ്തംബർ വരെയാണ് ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ കൂടുതലായി കൊക്കോ എത്തുന്നത്. ഹൈറേഞ്ചിലെ വ്യാപാരികളിൽ നിന്ന് പാൽ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമ്മിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്പനികളുടെയും ഏജൻസികൾ കൊക്കോ ശേഖരിച്ച് ഗുജറാത്ത്, മുംബയ്, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്. കൊക്കോ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന മറ്റ് രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും കൊക്കോ പരിപ്പിന് മറ്റ് കൃത്രിമ ബദലുകൾ നിർമ്മിക്കാനാവാത്തതുമാണ് കൊക്കോയ്ക്ക് വില സ്ഥിരത ഉറപ്പുവരുത്തുന്നത്. വില വീണ്ടും ഉയരുമെന്ന് കരുതി കായ ഉണക്കി സംഭരിച്ചുവച്ച കർഷകർക്ക് വില കുത്തനേ ഇടിഞ്ഞത് വലിയ തിരിച്ചടിയാണുണ്ടായത്.