elam
കുമളി ഒന്നാം മൈൽ പുത്തൻപറമ്പിൽ സോജന്റെ കരിഞ്ഞുണങ്ങിയ ഏലത്തോട്ടം

കുമളി: കടുത്തവേനലിൽ ഏലം കരിഞ്ഞുണങ്ങി ആദായം നഷ്ടപ്പെട്ട കർഷകർ ഇനി നേരിടുക പുനർ കൃഷിക്കുള്ള തട്ടയുടെ (തൈ) ക്ഷാമം. ഹൈറേഞ്ചിൽ ചുരുക്കം സ്ഥലങ്ങളിലൊഴികെ മിക്കയിടത്തും ഏലം പൂർണ്ണമായും ചിലയിടങ്ങളിൽ ഭാഗികമായും കരിഞ്ഞ് നശിച്ചു. മിക്ക കർഷകർക്കും ഏലം പൂർണ്ണമായും നശിച്ചു. ആദായം രണ്ട് വർഷത്തേക്ക് പൂർണ്ണമായും ഇല്ലാതായതിനൊപ്പം പുനർ കൃഷിക്ക് ഏലം തട്ടകൾക്ക് കനത്ത ക്ഷാമവും നേരിടും. ഏലംതട്ട ലഭിച്ചാൽ തന്നെ കനത്ത വില നൽകേണ്ടിവരും. മുമ്പ് 25 മുതൽ നൂറും നൂറ്റമ്പതും വരെ നല്ലയിനത്തിൽപ്പെട്ട ഒരു ഏല തട്ടയ്ക്ക് വിലയുണ്ടായിരുന്നു. ഇക്കുറി ഇത് ഇരട്ടിയാകുമെന്ന ഭീതിയിലാണ് കർഷകർ. മഴക്കാലം എത്തുന്നതോടെ ഏലം വിളവെടുപ്പും തോട്ടങ്ങളിലെ പണയും സജീവമാകുമായിരുന്നെങ്കിൽ ഒരു നാട് മുഴുവൻ പുനർ കൃഷിക്ക് പിന്നാലെ പായേണ്ടിവരും. ലോണെടുത്തും കടം വാങ്ങിയും ഏലം കൃഷിയിൽ പ്രതീക്ഷവച്ചിരുന്നവർ ഇന്ന് വൻ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ബാങ്കുകളിലെ അടക്കം കടബാദ്ധ്യത മിക്ക ഏലംകർഷകർക്കും ഉണ്ട്. കുമളി ഒന്നാം മൈൽ പുത്തൻപറമ്പിൽ സോജന്റെ ഏലകൃഷി പൂർണ്ണമായും നശിച്ചു. സോജന്റെ സ്ഥിതിയാണ് മിക്ക കർഷകരുടേതും. ബാങ്കിലെ ലോൺ അടക്കമുള്ള കടബാദ്ധ്യതയിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്. നാട്ടിൻപുറങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധിപേർ ഏലത്തോട്ടങ്ങൾ പാട്ടത്തിനെടുത്തിരുന്നു. മിക്കവരും നഷ്ടം നേരിട്ടതോടെ തോട്ടം ഉപേക്ഷിച്ചിട്ടുണ്ട്.