കട്ടപ്പന: കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന സ്റ്റുഡന്റസ് മാർക്കറ്റുകളുടെ ജില്ലാതല സ്റ്റുഡന്റ്സ് മാർക്കറ്റ് കട്ടപ്പന മുൻസിപ്പാലിറ്റി കെട്ടിടത്തിൽ ആരംഭിയ്ക്കുന്നു. കൺസ്യൂമർഫെഡറേഷന്റെ സ്വന്തം ഉത്പന്നമായ ത്രിവേണി നോട്ടബുക്കുകൾ, പ്രമുഖ ബ്രാൻഡുകളുടെ കുട, ലഞ്ച് ബോക്സ്, ബാഗ് തുടങ്ങി വിദ്യാർത്ഥിക്കൾക്കാവശ്യമായ മൂഴുവൻ സാധനങ്ങളും പൊതുവിപണി വിലയേക്കാൾ 20 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ സ്റ്റുഡന്റ്സ് മാർക്കറ്റിൽ ലഭ്യമാക്കും. ജൂൺ 15 വരെ വിപണി പ്രവർത്തിയ്ക്കും. ജില്ലയിലെ വിവിധ സർവ്വീസ് സഹകരണ ബാങ്കുകളുമായി ചേർന്ന് എട്ട് സ്റ്റുഡന്റ്സ് മാർക്കറ്റുകളും കൺസ്യൂമർഫെഡറേഷന്റെ ജില്ലയിലെ എട്ട് ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയും സ്റ്റുഡന്റ്സ് മാർക്കറ്റ് സംഘടിപ്പിയ്ക്കുന്നുണ്ട്. വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന സമയത്ത് ഉണ്ടാക്കുന്ന പൊതുവിപണിയിലെ സ്‌കൂൾ സ്റ്റേഷനറികളുടെ വിലക്കയറ്റത്തെ പിടിച്ച് നിറുത്തി രക്ഷിതാക്കൾക്ക് സഹായമാകുന്നതിനാണ് ഇത്തരത്തിലൊരു സംരംഭം ആരംഭിച്ചിട്ടുള്ളത്. ഫാൻസി ബാഗുകളും ബ്രാൻഡഡ് കുടകളും വിപണിയിൽ ലഭ്യമാകും. കൂടാതെ കുടുംബശ്രീയുടെ ബാഗുകളും സഹകരണ ഉത്പന്നമായ മാരാരിയുടെ കുടയും സജ്ജീകരിച്ചിട്ടുണ്ട്. ബ്രാൻഡ് അനുസരിച്ച് ശരാശരി 650 രൂപ മുതൽ 2500 രൂപ വരെയാണ് ബാഗുകളുടെ വില. ശരാശരി 300 രൂപ മുതലാണ് കുടകൾ ലഭ്യമാക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്ക് ജെം പോർട്ടൽ വഴിയും ത്രിവേണി നോട്ട് ബുക്കുകൾക്കുള്ള ഓർഡർ നൽകുന്നതിനുള്ള സംവിധാനം നിലവിലുണ്ട്. സ്റ്റുഡന്റ്സ് മാർക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പന മുനിസിപ്പാലിറ്റി ബിൽഡിംഗിൽ 15ന് നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവഹിക്കും. കൺസ്യൂമർഫെഡ് ഡയറക്ടർ ബോർഡംഗം തോമസ് മൈക്കിൾ സ്റ്റുഡന്റ്സ് കിറ്റിന്റെ ആദ്യ വിൽപ്പന നടത്തും.