തൊടുപുഴ: രൂക്ഷമായ വരൾച്ച മൂലം കാർഷിക വിളകൾ വ്യാപകമായി ഉണങ്ങിനശിച്ചതിനാൽ കർഷകരും തൊഴിലാളികളും നേരിട്ടും ഇതര ജനവിഭാഗങ്ങൾ പരോക്ഷമായും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്നതിനാൽ ഇടുക്കിയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് കാർഷിക കാർഷികേതര വായ്പകളുടെ പേരിൽ നടത്തിവരുന്ന ജപ്തി നടപടികൾ നിറുത്തിവയ്ക്കണമെന്നും കാർഷിക വിളകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്, സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ എന്നിവർ ആവശ്യപ്പെട്ടു. ഓരോ വിളകളുടെയും കാലാവധി കണക്കുകൂട്ടിയുള്ള നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകാൻ സർക്കാർ തയ്യാറാകണം. കാർഷിക കാർഷികേതര വായ്പകൾക്ക് നാല് വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. ആ കാലയളവിലെ പലിശ സർക്കാർ നൽകണം. കാർഷിക പുനരുദ്ധാരണത്തിന് എട്ട് വർഷത്തെ കാലാവധിയിൽ വായ്പകളനുവദിക്കണം. ആദ്യത്തെ നാല് വർഷത്തെ പലിശ സർക്കാർ നൽകണം. തുടർന്ന് നാല് ശതമാനം പലിശ നിരക്കിൽ തവണകളായി വായ്പ തുകകൾ തിരിച്ചടയ്ക്കാൻ സാഹചര്യമൊരുക്കണം. ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. ഇതിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ നിന്ന് ആവശ്യമായ തുക നീക്കിവയ്ക്കണം. മുഖ്യമന്ത്രിയോ റവന്യൂ, കൃഷി, ജലവിഭവ വകുപ്പ് മന്ത്രിമാരോ വരൾച്ച ബാധിതപ്രദേശങ്ങൾ സന്ദർശിക്കാത്തത് തികച്ചും പ്രതിഷേധാർഹമാണ്. ജില്ലയുടെ ചുമതലയുള്ള ഇടുക്കിയിലെ മന്ത്രി എവിടെയാണെന്ന് ജനങ്ങൾക്ക് അറിയില്ല. ശരിയായ റിപ്പോർട്ടുകൾ തയ്യാറാക്കി കേന്ദ്രസർക്കാരിനു നൽകണം. ഇതിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സ്‌പെഷ്യൽ ടീമിനെ നിയോഗിക്കണം. സർവ്വകക്ഷി യോഗം വിളിച്ചു കൂട്ടണം. പ്രധാന മന്ത്രിയെയും കേന്ദ്ര കൃഷി മന്ത്രിയേയും വസ്തുതകൾ ബോധ്യപ്പെടുത്തി കേന്ദ്ര സഹായം വാങ്ങിച്ചെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.