ചെറുതോണി: കേരളത്തെ അതീവ വരൾച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ച് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കർഷക സംഘം ജില്ലാ പ്രസിഡന്റ് എൻ.വി. ബേബി, സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു. അതീവ ഗുരുതരമായ ജലദൗർലഭ്യവും ഉഷ്ണതരംഗവും കാരണം ഗുരുതര ജീവിത പ്രതിസന്ധിയാണ് കേരളീയർ നേരിടുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പിൽ കേരളം ആദ്യമായി ഉൾപ്പെട്ടു. കടുത്ത വരൾച്ചയെ തുടർന്നുള്ള സംസ്ഥാനത്തെ സാഹചര്യങ്ങൾ പഠിക്കാൻ
കേന്ദ്രം ഉന്നതതല സംഘത്തെ അയക്കണം. വായ്പയെടുത്തും കടം വാങ്ങിയും കൃഷി ചെയ്ത കർഷകർ കൃഷി നാശത്തെ തുടർന്ന് ആത്മഹത്യയുടെ വക്കിലാണ്. മലയോര മേഖലകളിലെ നാണ്യവിളകൾ ഏതാണ്ട് പൂർണമായും കരിഞ്ഞുണങ്ങി. ഏലം, ജാതി, ഗ്രാമ്പൂ, കവുങ്ങ്, കുരുമുളക്, കൊക്കോ എന്നിവയിൽ നിന്നുള്ള ഉത്പാദനം പൂർണമായും നിലച്ചു. ഈ സാഹചര്യങ്ങളെ അതിജീവിക്കാനും കൃഷിനാശത്തിന് ആനുപാതികമായി നഷ്ടപരിഹാരം നൽകാനും കേന്ദ്ര സഹായം കുടിയേ തീരൂ. ഇതിനായി പ്രത്യേക പാക്കേജ് അനുവദിച്ച് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്രം ലഭ്യമാക്കണം. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 50 അധിക തൊഴിൽ ദിനങ്ങൾ കൂടി അനുവദിക്കണമെന്നും കർഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.