കരിമണ്ണൂർ : സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ 10,12 ക്ലാസുകളിലെ പൊതുപരീക്ഷാ വിജയത്തിൽ ഇത്തവണയും ജില്ലയിൽ ഒന്നാമതെത്തി. 378 വിദ്യാർഥികൾ എഴുതിയ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയത്തോടൊപ്പം 82 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ജില്ലയിലെ ഒന്നാം സ്ഥാനം നിലനിർത്തി. 30 വിദ്യാർഥികൾ ഒൻപത് എ പ്ലസും നേടി. 279 വിദ്യാർത്ഥികൾ എഴുതിയ പ്ലസ് റ്റു പരീക്ഷയിൽ 261 പേർ വിജയിച്ചു. 94ആണ് വിജയ ശതമാനം. 73 വിദ്യാർത്ഥികൾ ഫുൾ എ പ്ലസും 22 പേർ അഞ്ച് എ പ്ലസും നേടി ജില്ലയിലെ രണ്ടാമത്തെ മികച്ച ഹയർ സെക്കൻഡറിയായി മാറി. അതിൽ തന്നെ കമ്പ്യൂട്ടർ സയൻസ് പഠിച്ച മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച് ഉപരിപഠനത്തിന് അർഹരാക്കികി. ബയോ സയൻസിൽ 99ശതമാനവും കോമേഴ്‌സ് 91, ഹ്യുമാനിറ്റീസ് 81ശതമാനം വിദ്യാർഥികളുമാണ് വിജയിച്ചത്.
കഴിഞ്ഞ കുറേ വർഷങ്ങളായിട്ട് പ്ലസ് റ്റു എസ്എസ്എൽസി പരീക്ഷാ വിജയങ്ങളിൽ ജില്ലയിലും കോതമംഗലം രൂപതയുടെ വിദ്യാലയങ്ങളിലും ഒന്നാം സ്ഥാനത്ത് കരിമണ്ണൂർ സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളാണ്.മികച്ച വിജയം നേടി നാടിനഭിമാനമായതിന് വിദ്യാർത്ഥികൾ, അധ്ദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് സ്‌കൂൾ മാനേജർ ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, അസിസ്റ്റന്റ് മാനേജർ . ഫാ. ജോസഫ് വടക്കേടത്ത്, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, പി.ടി. എ പ്രസിഡന്റ് ജോസൺ ജോൺ, എം.പി.റ്റി.എ പ്രസിഡന്റ് ജോസ്മി സോജൻ തുടങ്ങിയവർ അഭിനന്ദനങ്ങൾ നേർന്നു.