തൊടുപുഴ: മലങ്കര ടൂറിസം ഹബ്ബിനോടനുബന്ധിച്ച് നിർമ്മിച്ച എൻട്രൻസ് പ്ലാസ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്തംഭിച്ചു. എൻട്രൻസ് പ്ലാസയിൽ സജ്ജമാക്കിയിട്ടുള്ള മുറികൾക്ക് കെട്ടിട നമ്പർ ലഭ്യമാക്കുന്നതിന് എം.വി.ഐ.പി എക്സിക്യൂട്ടീവ് എൻജിനിയർ മാസങ്ങൾക്ക് മുമ്പ് മുട്ടം പഞ്ചായത്തിന് അപേക്ഷ നൽകിയെങ്കിലും അപേക്ഷ നിരസിച്ചു. സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നുള്ള മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് കെട്ടിപ്പൊക്കിയ എൻട്രൻസ് പ്ലാസയിൽ അഗ്നി സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് കെട്ടിട നമ്പരിനുള്ള അപേക്ഷ നിരസിച്ചത്. എന്നാൽ അഗ്നി സുരക്ഷ സംവിധാനം ഏർപ്പെടുത്തി എൻട്രസ് പ്ലാസ പ്രവർത്തന സജ്ജമാക്കുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് യാതൊരു നടപടികളും സ്വീകരിക്കുന്നുമില്ല.
എൻട്രൻസ് പ്ലാസയിൽ 200 ആളുകൾക്ക് ഇരിക്കാവുന്ന എക്സിക്യൂട്ടീവ് ചെയറുള്ള ഓപ്പൺ സ്റ്റേജ് സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇത് പ്രവർത്തിപ്പിക്കാനും നടപടികളായിട്ടില്ല. വാടക ഈടാക്കി ഓപ്പൺ സ്റ്റേജ് പൊതുപരിപാടികൾക്ക് നൽകിയാൽ സർക്കാരിന് അധിക വരുമാനം ലഭ്യമാകും. എന്നാൽ സർക്കാരിൽ നിന്ന് കാര്യമായ ഇടപെടൽ ഇല്ലാത്തതിനാൽ മലങ്കര ടൂറിസം ഹബ്ബിന്റെയും എൻട്രൻസ് പ്ലാസയുടെയും വികസനം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. മലങ്കര ടൂറിസം ഹബ്ബിന്റെ ചെയർപേഴ്സണായ കളക്ടർ, കൺവീനറായ എം.വി.ഐ.പി എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അധികൃതരും ഹബ്ബിന്റെ വികസന പ്രവർത്തനങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് തുടരുന്നതെന്ന് ആക്ഷേപമുണ്ട്. മന്ത്രി റോഷി അഗസ്റ്റിൻ മലങ്കര ഹബ്ബിലേക്ക് ഇടക്കിടയ്ക്ക് കോടികളുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വ്യാപകമായ ആക്ഷേപമുണ്ട്.
വിജിലൻസ് അന്വേഷണത്തിന്
അനുമതിയായില്ല
എൻട്രൻസ് പ്ലസ നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് വിജിലൻസ് കോട്ടയം എസ്.പി അഴിമതി സംബന്ധിച്ച് അന്വേഷണത്തിന് വിജിലൻസ് ഡയറക്ർക്ക് ശുപാർശ നൽകിയെങ്കിലും സർക്കാരിൽ നിന്ന് അനുമതി ലഭിക്കാതെ ചുവപ്പ് നാടയിൽ കുടുങ്ങിയ അവസ്ഥയിലാണ്.