നെടുങ്കണ്ടം: ടൗണിൽ ബസ് സ്റ്റാന്റിന് സമീപത്തെ എ.ടി.എം കൗണ്ടർ കുത്തിതുറന്ന് പണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശി പൊലീസ് അറസ്റ്റിൽ. തേനി ഉത്തമപാളയം സ്വദേശി പളനിചാമിയാണ് (34) നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്. നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽ പ്രവർത്തിക്കുന്ന കേരള ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് ട്രില്ലർ ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചത്. ഞായറാഴ്ച രാത്രി 9.30ന് എ.ടി.എമ്മിലെത്തിയ ഇയാൾ പണം നിക്ഷേപിച്ചിരിക്കുന്ന ഭാഗം തുറക്കാൻ ശ്രമിക്കുകയായിരുന്നു. ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംഭവത്തിന്റെ വീഡിയോ പകർത്തുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ടൗണിൽ നിന്ന് തന്നെ ഇയാളെ പിടികൂടി. പൊലീസ് അറിയിച്ചതിനെ തുടർന്ന് ബാങ്ക് അധികൃതരെത്തി പരിശോധിച്ചപ്പോൾ എ.ടി.എമിന്റെ താഴ്ഭാഗം കുത്തി പൊളിച്ചതായി കണ്ടെത്തി. എന്നാൽ പണം മോഷ്ടിക്കാനായില്ല.