തൊടുപുഴ: മഴ ശക്തമാകുന്ന സാഹചര്യത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്, ഓട ബ്ലോക്ക്, മരത്തിന്റെ ശിഖരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെടുക എന്നിവ പരിഹരിക്കുന്നതിനായി നഗരസഭയിൽ റാപ്പിഡ് റെസ്‌പോൺസ് ടീം പ്രവർത്തനം ആരംഭിച്ചു. നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ശുചീകരണ വിഭാഗം ജീവനക്കാർ, എന്നിവരടങ്ങിയ അഞ്ച് അംഗങ്ങളാണ് ടീമിൽ ഉൾപ്പെട്ടിട്ടുള്ളത്. ടീമിന്റെ സുഗമമായ പ്രവർത്തനത്തിനായി നഗരസഭ വാഹനവും വിട്ടു നൽകിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ അപകട ഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ, മരങ്ങളുടെ ശിഖരങ്ങൾ എന്നിവ കേരള ദുരന്തനിവാരണ നിയമപ്രകാരം ഉടമസ്ഥൻ തന്നെ മുറിച്ച് മാറ്റി അപകട ഭീഷണി ഒഴിവാക്കേണ്ടതാണ്. കൂടാതെ പൊതുസ്ഥലത്ത് അനധികൃതമായി സ്ഥാപിച്ചതും അപകടാവസ്ഥയിൽ നിൽക്കുന്നതുമായ ബോർഡുകളും കമാനങ്ങളും ഹോൾഡിംഗുകളും ആരാണോ സ്ഥാപിച്ചത് അവർ തന്നെ സ്വന്തം ഉത്തരവാദിത്തത്തിൽ അടിയന്തരമായി നീക്കണം. ഇതുമൂലം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും സ്ഥാപിച്ചവർ തന്നെയായിരിക്കും ഉത്തരവാദിയെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്,​ സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ അറിയിച്ചു. 8281246241 എന്ന സെൽ നമ്പറിൽ പൊതുജനങ്ങൾക്ക് പരാതികൾ വിളിച്ച് അറിയിക്കാം. നഗരസഭ ഓഫീസിൽ +914862222711 എന്ന നമ്പറിൽ ബന്ധപ്പെടാം.