കരിങ്കുന്നം: പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർ.ആർ.ടി)​ നേതൃത്വത്തിൽ തിരച്ചിൽ നടത്താൻ തീരുമാനം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സ്‌കൂൾ തുറക്കുന്ന മൂന്ന് മുതൽ ഫോറസ്റ്റ് പട്രോളിംഗ് ശക്തമായി നടത്തുന്നതിനും തീരുമാനിച്ചു. പുലി ഭീതി ഒഴിവാക്കുന്നതിനായി പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തും. നിലവിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലാത്ത സ്ഥലങ്ങളിൽ നിന്ന് മാറ്റി സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തിയ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന കൂട് മനുഷ്യസാമിപ്യം ഇല്ലാത്ത രീതിയിൽ കുറച്ചുനാൾ കൂടി തൽസ്ഥാനത്ത് തുടരുന്നതിനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗങ്ങളും സി.പി.എം ലോക്കൽ സെക്രട്ടറി കെ.ജി. ദിനകർ, സി.പി.ഐ ലോക്കൽ സെക്രട്ടറി ജോഷി കെ. മാത്യു, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം തമ്പി മാനുങ്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. ജോസഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയി കട്ടക്കയം, ഡെപ്യൂട്ടി റേഞ്ച് ആഫീസർ എ.ജി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.