രാജാക്കാട്: 49 വർഷങ്ങൾക്ക് മുമ്പ് തങ്ങൾക്ക് അക്ഷര വെളിച്ചം നൽകിയ കലാലയ മുറ്റത്ത് വീണ്ടുമൊരു ഒത്തുചേരലുമായി ചങ്ങാതികൂട്ടം. 1974- 75 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചവരാണ് തങ്ങളുടെ മാതൃവിദ്യാലയമായ രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വീണ്ടും ഒത്തുചേർന്നത്. വിരമിച്ച ജീവനക്കാരും പൊതു പ്രവർത്തകരും കച്ചവടക്കാരും കൃഷിക്കാരുമടക്കം ജീവിതത്തിന്റെ പല മേഖലകളിലായി ഒരോരോ ജോലികൾ ചെയ്തു വരുന്നവരാണ് ഒത്തുചേർന്നത്. രാജാക്കാട് ടൗണിൽ കച്ചവട സ്ഥാപനം നടത്തുന്ന കോനൂർ സണ്ണിയുടെ നേതൃത്വത്തിലാണ് ലഭ്യമായ എല്ലാ കൂട്ടുകാരെയും നിരന്തരമായി ഫോണിൽ വിളിച്ചത്. കൂട്ടുകാരെ പരമാവധി പേരെ ചേർത്ത് ഒ.ടി. രാജേന്ദ്രൻ വാട്‌സ് ആപ്പ് ഗ്രൂപ്പും ഉണ്ടാക്കി. 45 കൂട്ടുകാരാണ് ചടങ്ങിൽ പങ്കെടുത്ത് സൗഹൃദം പുതുക്കിയത്. ഒരുവട്ടംകൂടി ഓർമ്മ പുതുക്കാൻ ചേർന്ന ഓർമ്മക്കൂട്ടിന്റെ ഉദ്ഘാടനം സി.പി.ഐ നേതാവും സഹപാഠിയുമായ സി.യു. ജോയി നിർവ്വഹിച്ചു. പ്രസിഡന്റ് ജേക്കബ്ബ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ടി. മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ജെ. സണ്ണി, വി.എം. പൗലോസ്, കെ.എ. രാജൻ, വി.കെ. ആന്റണി, വി.ജി. മോഹനൻ, കെ.ജെ. എബ്രാഹം, വി.എസ്. മധു, സെബാസ്റ്റ്യൻ ആലനോലിക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സിലെ ഗായകൻ കെ.ഡി. ജോസിന്റെ നേതൃത്വത്തിൽ ഗാനാർച്ചനയും സനേഹവിരുന്നും നടത്തി. ചീഫ് കോ- ഓഡിനേറ്റർ നിർമ്മല സണ്ണി, പ്രസിഡന്റ് ജേക്കബ് ജോർജ്ജ്, സെക്രട്ടറി എൻ.ടി. മാത്യു, ട്രഷറർ വി.കെ. ആന്റണി എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി.