bjp
ബി.ജെ.പി തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ച് ബി.ജെ.പി മേഖല ജനറൽ സെക്രട്ടറി ബിനു ജെ. കൈമൾ ഉദ്ഘാടനം ചെയ്യുന്നു

മുട്ടം: തൊടുപുഴയുടെ പരിസരപ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തിയിട്ടും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് കടുത്ത വീഴ്ച ഉണ്ടാകുന്നെന്ന് ആരോപിച്ച് ബി.ജെ.പി തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി മേഖല ജനറൽ സെക്രട്ടറി ബിനു ജെ. കൈമൾ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം വ്യക്തമാവുകയും ഇല്ലിച്ചാരി മേഖലയിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിയുകയും ചെയ്ത് ഒരുമാസം പിന്നിട്ടതിനു ശേഷവും ബന്ധപ്പെട്ട വകുപ്പുകളുടെയോ അധികാരികളുടേയോ ഭാഗത്ത് നിന്നും കൃത്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായ പുലിയുടെ സാന്നിധ്യം മൂലം പ്രദേശവാസികൾ ഭയചകിതരാണെന്നും എത്രയും വേഗം നടപടികൾ ഉണ്ടാകണമെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം പറഞ്ഞു. ബി.ജെ.പി എറണാകുളം മേഖല സെക്രട്ടറി കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷിബു ജേക്കബ്, രാജേഷ് പൂവാശ്ശേരിയിൽ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, കുടയത്തൂർ വാർഡ് മെമ്പർമാരായ ഷീബ ചന്ദ്രശേഖരൻ, ബിന്ദു സുധാകരൻ ബി.ജെ.പി പഞ്ചായത്ത് സമിതികളുടെ അദ്ധ്യക്ഷന്മാരായ മനോജ് കെ.എസ്, രാജേഷ് എം.കെ, വിനോദ് മാത്യു, ബിജു കെ.യു, തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. മാർച്ച് ഫോറസ്റ്റ് ഓഫീസിനു മുൻപിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.