കട്ടപ്പന: ഇന്നലെ അന്തരിച്ച പ്രശസ്ത നാടക നടൻ എം.സി. കട്ടപ്പനയെ (75)​ നാടകലോകത്തെത്തിച്ചത് അടിയന്തരാവസ്ഥക്കാലത്ത് അനുഭവിച്ച ജയിൽവാസമായിരുന്നു. യൂണിയൻ സമരങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിച്ച് മൂവാറ്റുപുഴ സബ്ജയിലിൽ തടവിൽ കഴിഞ്ഞ നാളുകളിലാണ് ഉള്ളിലെ അഭിനയചാതുരി ജയിൽവാസത്തിന്റെ വിരസത അകറ്റാൻ അദ്ദേഹം പുറത്തെടുത്തത്. സഹപ്രവർത്തകരുടെയും സഹതടവുകാരുടെയും പ്രോത്സാഹനം പിന്നീട് മൂന്നു പതിറ്റാണ്ടു നീണ്ട നാടകസപര്യയിലേക്കുള്ള വഴിതുറന്നു. നടനെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം എം.സി. കട്ടപ്പനയെന്ന നാടകനടന്റെ പിറവിയും കുറിച്ചു. അഭിനയമോഹം ഉള്ളിൽ കൊണ്ടുനടന്ന കാലത്താണ് മൃഗസംരക്ഷണ വകുപ്പിൽ ക്ലാർക്കായി ജോലി ലഭിച്ചത്. ഔദ്യോഗിക ജീവിതത്തിനിടയിലും നാടകാഭിനയവും സംവിധാനവും ഒരു കുടക്കീഴിൽ എന്നപോലെ കൊണ്ടുപോയി. പിതാവും സഹോദരങ്ങളും ഇടുക്കിയിലെ കട്ടപ്പനയിലായിരുന്നതിനാൽ മണിമലയിൽ നിന്ന് തന്റെ ജീവിതവും അവിടേക്ക് പറിച്ചുനട്ടു. സർക്കാർ സർവീസിൽ ജോലി ചെയ്യുമ്പോൾ നാടകത്തിൽ അഭിനയിക്കുന്നവർ പരസ്യപ്രചാരണങ്ങൾക്കായി തന്റെ പേര് ഉപയോഗിക്കാൻ പാടില്ലായിരുന്നു. അതിനാൽ സ്വന്തം പേരായ എം.സി. ചാക്കോയിൽ നിന്ന് ചാക്കോയെ ഒഴിവാക്കി സ്വന്തം സ്ഥലമായ കട്ടപ്പനയെ പേരിനോടൊപ്പം ചേർത്തു. മലയോര ജില്ലയിൽ താമസക്കാരനായി എന്ന കാരണത്താൽ മാത്രം സിനിമയുടെയും സീരിയലിന്റെയും വെള്ളിവെളിച്ചത്തേക്ക് കൂടുതൽ കടന്നെത്താൻ കഴിയാതിരുന്ന കലാകാരനാണ് എം.സി. കാഴ്ച, പളുങ്ക്, അമൃതം, പകൽ എന്നീ സിനിമകളിലും ഏതാനും സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു. സമ്മാനം എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തെങ്കിലും കാഴ്ചയിലെ വക്കീൽ വേഷത്തിലൂടെയാണ് സിനിമയിൽ ശ്രദ്ധേയനായത്. തന്റെ കൂടെ വേദികളിൽ ആടിത്തിമിർത്തവർ പലരും സിനിമയിലും സീരിയലുകളിലും സജീവമായിട്ടും എം.സി. പിൻമാറി നിന്നിരുന്നതിന്റെ കാരണം നാടകത്തോടുള്ള അടങ്ങാത്ത അഭിനവേശമായിരുന്നു. വേദികളിലൂടെയുള്ള അലച്ചിലിന് ശാരീരികാസ്വാസ്ഥ്യം വിഘാതമാകുന്നതിനാലാണ് അവസാനകാലത്ത് നാടകത്തിൽ നിന്ന് പിൻമാറുന്നത്.