പീരുമേട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മൂന്നാം തവണയും തുടർച്ചയായി 100 ശതമാനം വിജയം നേടിയതിന്റെ അഭിമാനതിളക്കത്തിലാണ് ഏലപ്പാറ ഗവ. ഹൈസ്‌കൂൾ. തോട്ടം മേഖലയിൽ സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ജീവിത പ്രതിസന്ധികളോട് പൊരുതിയാണ് കുട്ടികൾ ഈ വിജയം നേടിയതെന്നത് ശ്രദ്ധേയമാണ്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒത്തൊരുമയോടെയുള്ള പ്രയത്‌നത്തിന്റെ ഫലമാണ് ഈ വിജയമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. എല്ലാ ദിവസവും രാവിലെ 8.30 മുതൽ 9.45 വരെയും വൈകിട്ട് നാല് മുതൽ 5.30 വരയും പ്രത്യേക പരിശീലനം നടത്തിയിരുന്നു. കൂടാതെ അദ്ധ്യാപകർ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. കലാകായികശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും സ്കൂൾ സംസ്ഥാന തല വിജയം നേടിയിരുന്നു.