നെടുങ്കണ്ടം: ജപ്തി നടപടികൾക്കിടയിൽ മരണപ്പെട്ട ഷീബാ ദിലീപിന്റെ മരണത്തിലെ അസ്വാഭാവികത അന്വേഷിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ നെടുങ്കണ്ടത്തെ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഉപരോധം നടത്തി. ഷീബ ദിലീപിന്റെ പേരിൽ ബാങ്കിൽ ലോൺ നിലനിൽക്കുന്നില്ലാത്തതിനാൽ സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ സ്റ്റാഫ് ലീന എബ്രഹാമിന്റെ ജപ്തി നടപടികളിലെ അശാസ്ത്രീയത അന്വേഷിക്കുക, ജപ്തി നടപടികളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, ഷീബയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിലിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചില്ലെങ്കിൽ ബാങ്കിന്റെ ഹെഡ് ആഫീസ് മാർച്ചും നെടുങ്കണ്ടം ബ്രാഞ്ചിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന നിലയിലുള്ള സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ആക്ഷൻ കൗൺസിൽ ചെയർമാൻ സജി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ പി.എൻ. വിജയൻ സ്വാഗതവും കോ- ഓർഡിനേറ്റർ എം. സുകുമാരൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ, എം.എസ്. മഹേശ്വരൻ, സിജോ നടയ്ക്കൽ, കെ.ജി. ഓമനക്കുട്ടൻ നൗഷാദ് ആലുംമൂട്ടിൽ, ജയിംസ് മാത്യു എന്നിവർ സംസാരിച്ചു. കെ.എൻ. തങ്കപ്പൻ, ബിജു കോട്ടയിൽ, ഷിഹാബുദ്ദീൻ ഈട്ടിക്കൽ, പി.കെ. സദാശിവൻ, ശ്യാമള വിശ്വനാഥൻ, ബിന്ദു സഹദേവൻ, ടി.എം. ജോൺ, രമേശ് കൃഷ്ണൻ, ഷിബു ചരികുന്നേൽ, സുരേഷ് പള്ളിയാടിയിൽ, ഷിജു ഉള്ളിരുപ്പിൽ, എൻ.കെ. ഗോപിനാഥൻ, സുധാകരൻ ആടിപ്ലാക്കൽ, സജി ചാലിൽ, അനിൽ കട്ടൂപ്പാറ, എ.വി. മണിക്കുട്ടൻ, ടി. പ്രകാശ്, സി.എം. വിൻസന്റ്, വി.ആർ. ശശി, പി.കെ. ഷാജി തുടങ്ങിയ ആക്ഷൻ കൗൺസിൽ അംഗങ്ങൾ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.