പീരുമേട്: തടവുപുള്ളികളിലൊരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പീരുമേട് സബ് ജയിലിലെ 10 തടവുകാരെ മുട്ടം സബ് ജയിലിലേക്ക് മാറ്റി. രോഗം പടരുമെന്ന ആശങ്കയെ തുടർന്നാണ് പീരുമേട് ജയിലിലെ ഒരു സെല്ലിലെ പത്ത് തടവുകാരെ മാറ്റി പാർപ്പിച്ചത്. കഴിഞ്ഞ ദിവസം പുതിയതായി എത്തിയ തടവുകാരനാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇയാളെ മറ്റൊരു സെല്ലിൽ കൊതുക് വല നൽകി ഒറ്റയ്ക്ക് പാർപ്പിച്ചു. ഇവിടെയുണ്ടായിരുന്ന മറ്റ് തടവുകാരെ മാറ്റി പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാലാണ് മുട്ടം ജയിലിലേക്ക് മാറ്റിയത്. തുടർന്ന് സഹതടവുകാർക്കാർക്കും രോഗം പിടിപ്പെട്ടിട്ടില്ലെന്ന് മെഡിക്കൽ പരിശോധന നടത്തി ഉറപ്പുവരുത്തി. 36 തടവുകാരെ പാർപ്പിക്കുവാനുള്ള സൗകര്യമാണ് പീരുമേട് ജയിലിനുള്ളത്. എന്നാൽ തടവുകാരുടെ എണ്ണം വർദ്ധിച്ചതിനാൽ 65 തടവുകാരാണ് ഇപ്പോൾ ഇവിടെയുള്ളത്. നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് എന്നിവിടങ്ങളിലെ വിവിധ കോടതികളിൽ നിന്നും തടവുകാരായി അയക്കുന്നവരെയാണ് ഇവിടെ പാർപ്പിക്കുന്നത്. നിർമ്മാണം നടന്ന് വരുന്ന പുതിയ ജയിൽ സമുച്ചയം പൂർത്തികരിക്കുന്നതോടെ 56 തടവുകാരെ കൂടി അധികമായി പാർപ്പിക്കാൻ കഴിയുമെന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.