drugs

തൊടുപുഴ: 2.05 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. തേനി പി.സി. പെട്ടി പെരിയാർ തെരുവിൽ 3/1210 നമ്പർ വീട്ടിൽ വിജയൻ (54), പള്ളിവാസൽ തട്ടാത്തിമുക്ക് പുത്തൻപുരയ്ക്കൽ ഗ്രീൻ ബോസ് (54) എന്നിവരെയാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.

2019 ഏപ്രിൽ 10ന് രാജകുമാരിയ്ക്ക് സമീപം ദൈവമാതാ പള്ളി വക കുരിശടിക്ക് സമീപത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. എൻ.ഇ.എസ് അടിമാലി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എച്ച്. മുഹമ്മദ് ന്യൂമാന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി അസി. എക്‌സൈസ് കമ്മിഷണർ ടി.എ. അശോക് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി വിജയൻ തമിഴ്‌നാട്ടിലും കഞ്ചാവ് കേസിൽ പ്രതിയാണ്. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.