തൊടുപുഴ: മാലിന്യങ്ങൾ ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് നഗരസഭയിലെ ഹരിത കർമ്മസേന വിഭാഗം യൂസർ ഫീ വാങ്ങുന്നത് ഒഴിവാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ പറ‍ഞ്ഞു. പല വ്യാപാരസ്ഥാപനങ്ങളിലും ഒരുതരത്തിലുള്ള മാലിന്യങ്ങളും ഇല്ലാത്ത സാഹചര്യമുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് പൈസ ഈടാക്കുന്ന പ്രവണത പ്രതിഷേധാർഹമാണ്. നൽകാത്ത സേവനത്തിന് യൂസർ ഫീ ഈടാക്കുന്നത് അപഹാസ്യമാണ്. ഇത്തരം നടപടികളിൽ നിന്ന് നഗരസഭാ അധികൃതർ പിന്മാറണം. മാലിന്യങ്ങളുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് 100 രൂപ നിരക്കിലാണ് ഇപ്പോൾ ഹരിതകർമ്മ സേന വാങ്ങുന്നത്. ഈ തുക പല ചെറിയ വ്യാപാരസ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ഈ ഫീസ് 50 രൂപയാക്കി കുറയ്ക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള നിവേദനം അസോസിയേഷൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിന് കൈമാറി. അസോസിയേഷൻ ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ.എച്ച്. കനി, വൈസ് പ്രസിഡന്റുമാരായ ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്തു മുഹമ്മദ് വടക്കയിൽ, വി. സുവിരാജ്, സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടിൽ, ഇ.എ. അഭിലാഷ്, സജിത്ത് കുമാർ എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.