തൊടുപുഴ: വാഴക്കുളത്തെ വിവിധ സാംസ്‌കാരിക സാമൂഹികരാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'പൈനാപ്പിൾ ഫെസ്റ്റ്- 2024' ശനിയാഴ്ച ആരംഭിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെസ്റ്റിനോടനുബന്ധിച്ച് പൈനാപ്പിൾ പാചകമത്സരം, പൈനാപ്പിൾ വിള മത്സരം, കാർഷിക സെമിനാർ, പൊതുസമ്മേളനം, പൈനാപ്പിൾ ശ്രീ അവാർഡ് ദാനം തുടങ്ങിയ പരിപാടികളും നടത്തും. ഫെസ്റ്റ് 18ന് ഉച്ചയ്ക്ക് രണ്ടിന് പൈനാപ്പിൾ പാചക മത്സരത്തോടെ ആരംഭിക്കും. അന്നേദിവസം വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി പി. പ്രസാദ് പൈനാപ്പിൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, പി.ജെ. ജോസഫ് എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ പങ്കെടുക്കും. കേരളത്തിലെ ഏറ്റവും മികച്ച പൈനാപ്പിൾ കർഷകനുള്ള പൈനാപ്പിൾശ്രീ- 2024 അവാർഡ് നൽകി ഡൊമിനിക്ക് ജോർജ് മലേക്കുടിയിലിനെയും പൈനാപ്പിൾ കൃഷിയുടെ വളർച്ചയ്ക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിപണനത്തിനും തുടക്കം കുറിച്ച ഫാ. ജോവാക്കിം പുഴക്കര ., പൈനാപ്പിൾ സംസ്‌കരണ മേഖലയിലെ മികച്ച പ്രവർത്തനത്തിന് ജോർജ് വർഗീസ് മുണ്ടയ്ക്കൽ എന്നിവരെയും അവാർഡ് നൽകി ആദരിക്കും. വാർത്താസമ്മേളനത്തിൽ ജെയിംസ് ജോർജ്, ആന്റണി വി.പി. വെട്ടിയാങ്കൽ, എം.എ. ലിയോ എന്നിവർ പങ്കെടുത്തു.