കട്ടപ്പന :കട്ടപ്പന -ഇരട്ടയാർ റോഡിൽ വിദേശ മദ്യ വില്പന ശാലയുടെ സമീപത്ത് മാലിന്യം കുമിഞ്ഞു കൂടുന്നു.വ്യാപാരശാലകളിൽ നിന്നുള്ള മാലിന്യങ്ങൾക്ക് പുറമേ, വീടുകളിൽ നിന്നുള്ള കുട്ടികളുടെ നാപ്കിൻസ് അടക്കമുള്ളവയും മദ്യക്കുപ്പികളുമാണ് പാതയുടെ വശങ്ങളിൽ കൂടിക്കിടക്കുന്നത്. മാലിന്യനിക്ഷേപത്തിനെതിരെ വിവിധ മുന്നറിയിപ്പ് ബോർഡുകൾ അടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യ നിക്ഷേപം തകൃതിയായി നടക്കുകയാണ്. മഴക്കാലമാകുന്നതോടെ പ്രദേശവാസികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി നടത്തുമെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും ഇത്തരത്തിൽ മിക്ക സ്ഥലങ്ങളിലും മാലിന്യം കുന്ന് കൂടുകയാണ്. നഗരസഭയുടെ നേതൃത്വത്തിൽ മുൻപ് മാലിന്യം നീക്കം ചെയ്തുവെങ്കിലും ഏതാനും ദിവസങ്ങൾക്കകം തന്നെ മേഖലയിൽ വീണ്ടും മാലിന്യ നിക്ഷേപം രൂക്ഷമാകുകയാണ്. ഇതോടെ മേഖല സാംക്രമിക രോഗ ഭീഷണിയാണ് നേരിടുന്നത്.ഹരിത കർമ്മ സേനയുടെ പ്രവർത്തനം അടക്കം ഊർജിതമായി നടക്കുമ്പോഴും പായോരങ്ങളിൽ ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യനിക്ഷേപത്തിന് തടയിടാനാവുന്നില്ലഅധികൃതർ അടിയന്തിരശ്രദ്ധ ചെലുത്തി നിലവിലെ മാലിന്യം നീക്കം ചെയ്യുകയും, മാലിന്യ നിക്ഷേപം തടയാൻ സിസിടിവി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.