അപേക്ഷ സമർപ്പിക്കൽ തുടങ്ങി
തൊടുപുഴ: പ്ലസ്‌വൺ പ്രവേശനത്തിന് ജില്ലയിൽ അപേക്ഷ സമർപ്പിച്ച് തുടങ്ങി. ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവരുടെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുടെയും എണ്ണത്തിൽ വർദ്ധനയുണ്ട്. അതിനാൽ, പല സ്‌കൂളുകളിലും പ്ലസ് വൺ പ്രവേശനത്തിനു ഇക്കുറിയും മത്സരം കടുക്കും. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് പോലും ഇഷ്ട സ്‌കൂളും വിഷയവും കിട്ടുക ബുദ്ധിമുട്ടാകും. കൂടുതൽ പേരും ചേരാനാഗ്രഹിക്കുന്ന സയൻസിലാണ് ഇത്തരമൊരു സീറ്റ് പ്രതിസന്ധി ഉണ്ടാകാൻ സാദ്ധ്യത. ഇത്തവണ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.79 ശതമാനമാണ് വിജയം. ആകെ പരീക്ഷയെഴുതിയ 11,558 വിദ്യാർത്ഥികളിൽ 11,534 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. ഇവരിൽ 1,573 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി. എസ്.എസ്.എൽ.സി വിജയിച്ചവരുടെ എണ്ണത്തേക്കാൾ അധികം പ്ലസ് വൺ സീറ്റുകൾ ജില്ലയിലുണ്ട്. ജില്ലയിൽ ആകെ 11,867 പ്ലസ് വൺ സീറ്റുകളാണ് ഉള്ളത്. സയൻസ് വിഭാഗത്തിൽ- 6100, ഹ്യുമാനിറ്റീസ്- 2128, കൊമേഴ്സ്- 3639 എന്നിങ്ങനെയാണ് സീറ്റുകൾ. എന്നാൽ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റു ജില്ലകളിൽ നിന്നുള്ളവർ, ഇതര സംസ്ഥാനങ്ങളിൽ നിന്നു ബോർഡ് പരീക്ഷകൾ ജയിച്ചവർ തുടങ്ങിയവർ കൂടിയാകുമ്പോൾ അപേക്ഷകരുടെ എണ്ണം കൂടും. അതേസമയം എസ്.എസ്.എൽ.സി വിജയിച്ചവരിൽ കുറേപേർ വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ തുടങ്ങിയ മറ്റു കോഴ്സുകളിലേക്ക് മാറിപ്പോകുമെന്നതിനാൽ സീറ്റ് ക്ഷാമം കാര്യമായി ഉണ്ടാവില്ലെന്നാണ് വിലയിരുത്തൽ.
ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുമ്പോൾ എല്ലാ വിവരങ്ങളും കൃത്യമായിരിക്കണം. തെറ്റ് സംഭവിച്ചാൽ അപേക്ഷ നിരസിക്കാനിടയാകും. സ്വന്തമായി ചെയ്യാൻ പറ്റാത്തവർ ഇന്റർനെറ്റ് കേന്ദ്രങ്ങളിൽ പോകുന്നതിലും ഉചിതം വീടിന് സമീപത്തെ ഹൈസ്കൂളിലോ ഹയർ സെക്കൻഡറി സ്കൂളുകളിലോ എത്തി അപേക്ഷ നൽകുന്നതാണ്. അവിടെ വിദ്യാർത്ഥികൾക്കായി ഹെല്പ് ഡെസ്ക് സജ്ജീകരിച്ചുണ്ട്. കുറഞ്ഞത് രണ്ട് അദ്ധ്യാപകർ വീതമുണ്ടാകും. സ്കൂൾതല ഹെല്പ് ഡെസ്കിന് പുറമെ കരിയർ ഗൈഡൻസ്, എൻ.എസ്.എസ് യൂണിറ്റുകളുടെ ഹെല്പ് ഡെസ്കുകളുമുണ്ടാകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 25.
അപേക്ഷകർ ശ്രദ്ധിക്കാൻ
സ്കൂൾ, കോമ്പിനേഷൻ എന്നിവ നേരത്തെ മനസ്സിലാക്കണം
സംവരണ കാറ്റഗറികൾ തെറ്റരുത്
ട്രയൽ അലോട്ട്മെന്റ് വന്നതിനുശേഷം തെറ്റുകളുണ്ടെങ്കിൽ തിരുത്താം
പത്താംതരം പഠന സ്‌കീം 'അദേഴ്‌സ്' ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം
ഭിന്നശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനയ്ക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്യണം
ആനുകൂല്യങ്ങൾക്ക് അർഹരാണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കുമ്പോൾ കൈയിൽ കരുതണം
അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുണ്ടായാൽ hssadmissionkerala@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ അന്ന് തന്നെ അറിയിക്കണം
ഓർത്തിരിക്കാം തീയതികൾ
അപേക്ഷിക്കാനുള്ള അവസാന ദിവസം - മേയ് 25
ട്രയൽ അലോട്ട്മെന്റ്- മേയ് 29
ആദ്യ അലോട്ട്മെന്റ്- ജൂൺ 5
രണ്ടാംഘട്ട അലോട്ട്മെന്റ്- ജൂൺ 12
മൂന്നാംഘട്ട അലോട്ട്മെന്റ്- 19
ക്ലാസ് തുടങ്ങുന്നത്- ജൂൺ 24
അഡ്മിഷൻ സമാപനം- ജൂലായ് 31