തൊടുപുഴ: നഗരസഭാ പരിധിയിലെ റോഡ് കൈയേറിയതടക്കമുള്ള അനധികൃത കച്ചവടം 21 മുതൽ ഒഴിപ്പിക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ്ജ് പറഞ്ഞു. നഗരസഭാ ഉദ്യോഗസ്ഥർ, പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാകും ഒഴിപ്പിക്കൽ. അനധികൃതമായി കച്ചവടം ചെയ്യുന്നവർ, ഗതാഗത തടസമുണ്ടാക്കുന്നവർ, ഫുട്പാത്തിലേക്ക് ഇറക്കി കച്ചവടം ചെയ്യുന്നവർ, കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള ബോർഡുകൾ, റോഡ് അരികിലെ ഫ്ളക്സ് ബോർഡുകൾ, റോഡിലേക്ക് ഇറക്കിയുള്ള വ്യാപാര സ്ഥാപനങ്ങളുടെ നോ പാർക്കിങ് ബോർഡുകൾ, റോഡ് അരികിലുള്ള ബൈക്ക് കച്ചവടം,​മങ്ങാട്ടുകവലയിൽ അനധികൃതമായി പുറത്തേക്ക് ഇറക്കി വെച്ചുള്ള വ്യാപാരം, റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്തുള്ള റിപ്പയറിങ്, ബൈപ്പാസുകളുടെ ഇരുവശത്തുമായി കാലങ്ങളായി കൊണ്ടുവന്നിട്ടിരിക്കുന്ന വാഹനങ്ങൾ, മിക്സർ മെഷീൻ, തട്ടുകടകൾ, ലോട്ടറി ബങ്കുകൾ തുടങ്ങിയവയാണ് അടിയന്തരമായി നീക്കുന്നത്. ഇതിനായി നഗരസഭയിലെ രണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും, റവന്യൂ ഇൻസ്‌പെക്ടർമാരെയും ഓവർസിയർമാരെയും ചുമതലപ്പെടുത്തി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻ.യു.എൽ.എം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. അനധികൃത കൈയേറ്റങ്ങൾ ഉൾപ്പെടെയുള്ളന സ്വന്തമായി നീക്കം ചെയ്തില്ലെങ്കിൽ 21ന് നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു.